തളിപ്പറമ്പ് ഹണി ട്രാപ്പ് കേസ്; പിടിയിലായ സംഘത്തിലെ മുഖ്യപ്രതി പോലീസിൻറെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു
തളിപ്പറമ്പ്:ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) ആണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രി 9.50ന് വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടത്.
കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലൂടെ രോഗവിമുക്തനായിരുന്നു. കഴിഞ്ഞമാസം 20നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ റിഫായി മസ്ജിദില്‍ നിസ്‌ക്കാരത്തിനെത്തിയ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്ന ഹണിട്രാപ്പും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെയുള്ള കഥകള്‍ പുറത്തു വന്നത്. തുടര്‍ന്നാണ് റുബൈസ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡും മംഗലാപുരത്തും നിരവധി മോഷണകേസുകളില്‍ പ്രതിയായ റുബൈസിനെ കര്‍ണ്ണാടകയിലെ ബാഗമണ്ഡലത്ത് സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനായി ഇന്നലെ വൈകുന്നേരത്തോടെ കര്‍ണ്ണാടക പോലീസ് കോഴിക്കോട് എത്തിയിരുന്നു. ഇവര്‍ എത്തിയതറിഞ്ഞാണ് പ്രതി സമര്‍ത്ഥമായി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
റുബൈസിനെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. ഹണിട്രാപ്പ് കേസില്‍ ബ്ലാക്ക്മെയില്‍ സംഘം ഉപയോഗിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതിയുടെ തിരോധാനം.



No comments