APP DOWNLOAD

TRENDING

സ്മാര്‍ട്ടായി തളിപ്പറമ്പ് ആര്‍.ടി.ഒ ഓഫിസ് : ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചാല്‍ ഉടന്‍ ലൈസന്‍സ്. മൂന്ന് ദിവസം കൊണ്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍


തളിപ്പറമ്പ്: ഡ്രൈവിംഗ് ടെസ്റ്റ് വിജയികള്‍ക്ക് ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ ലൈസന്‍സ് ലഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഓഫിസായി തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഓഫിസ് മാറി.

തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയികള്‍ക്ക് ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ ലൈസന്‍സ് ലഭിക്കും. ചില പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനും ജോലികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ സമയത്ത് ലൈസന്‍സ് ലഭിക്കാത്തത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെയും ഉദ്യോഗാര്‍ത്ഥികളെയും കാര്യമായി തന്നെ ബാധിച്ചിരുന്നു.

ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ടെസ്റ്റ് കഴിഞ്ഞ ഉടനെ ലൈസന്‍സ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. 2017 ല്‍ കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്.

തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട് ഏപ്രില്‍ 13 ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തറക്കല്ലിട്ട പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. ഈ വര്‍ഷം തന്നെ ഇത് ഉദ്ഘാടനം ചെയ്യും.

സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അവിടെവെച്ചു തന്നെയാണ് ലൈസന്‍സ് നല്‍കുക. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ മൂന്ന് ദിവസം കൊണ്ട് നല്‍കും. ആഗസ്ത് 29 വരെയുള്ളവയെല്ലാം ഇതിനകം നല്‍കിക്കഴിഞ്ഞു.

ഇന്നലെ തളിപ്പറമ്പ് ജോ.ആര്‍ടി ഓഫിസില്‍ നടന്ന ചടങ്ങില്‍ ലൈസന്‍സിന്റെ വിതരണ ഉദ്ഘാടനം ജോ.ആര്‍ടിഒ ഒ.പ്രമോദ്കുമാര്‍ നിര്‍വ്വഹിച്ചു. അടുത്തില തെരുവിലെ ആദിത്യ സുരേഷിനാണ് ആദ്യ ലൈസന്‍സ് നല്‍കിയത്.

120 പേര്‍ പങ്കെടുത്ത ടെസ്റ്റില്‍ 88 പേരാണ് വിജയികളായത്. അവര്‍ക്കെല്ലാം ഇന്നലെ തന്നെ ലൈസന്‍സ് നല്‍കി. ഇനി എല്ലാ ദിവസവും രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വിജയിക്കുന്ന എല്ലാവര്‍ക്കും ഉച്ചക്ക് ശേഷം ലൈസന്‍സ് നല്‍കും. എം.വി.ഐ ജെ.എസ്.ശ്രീകുമാര്‍, എ.എം.വി.ഐ മാരായടി.പി.വല്‍സരാജന്‍, രഞ്ജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

1 comment:

  1. മൂന്ന് ദിവസം കൊണ്ടോ?.. ഞാൻ എന്റെ ബൈക്കിന്റെ ownership മാറ്റാൻ അപേക്ഷ കൊടുത്തത് ആഗസ്ത് 9ന്.. ഇത് വരെ മാറ്റി കിട്ടിയിട്ടില്ല.
    വാർത്തകൾ കൊടുക്കുമ്പോൾ സത്യാവസ്ഥ മനസ്സിലാക്കിയിട്ട് കൊടുക്കുക

    ReplyDelete