APP DOWNLOAD

TRENDING

സൗമ്യയുടെ ആത്മഹത്യ: മൂന്ന് ഓഫിസർമാർക്ക് സസ്പെൻഷൻ



കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തിരുവോണത്തലേന്നു കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കു സസ്പെൻഷൻ. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെ.പി. ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണു ജയിൽ മേധാവി ‍ഡിജിപി ആർ. ശ്രീലേഖ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്നറിഞ്ഞുകൊണ്ടു സംഭവദിവസം അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലിൽ ഉറപ്പുവരുത്തുകയും ചെയ്യാതിരുന്ന കുറ്റത്തിനു സൂപ്രണ്ട് പി. ശകുന്തളയെ സസ്പെൻഡ് ചെയ്യാനും അച്ചടക്കനടപടിയെടുക്കാനും സർക്കാരിനോടു ശുപാർശ ചെയ്തു.സംഭവദിവസം രണ്ടു മണിക്കൂർ വൈകി ഡ്യൂട്ടിക്കെത്തിയ അസി. സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിയുമെടുക്കും. തൽക്കാലം കീഴുദ്യോഗസ്ഥരായ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കെതിരെ മാത്രം സസ്പെൻഷൻ നടപടിയെടുക്കാനാണു ജയിൽ ആസ്ഥാനത്തുനിന്നുള്ള നിർദേശം. ദുരൂഹത നിറഞ്ഞ കൂട്ടക്കൊലക്കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ.കീഴുദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് മേലുദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നു തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. ഒരു മേലുദ്യോഗസ്ഥയെ രക്ഷപ്പെടുത്താൻ സംഘടനാ നേതാവ് ഇടപെട്ടുവെന്ന സൂചനയുണ്ട്. കഴിഞ്ഞ 24നു നടന്ന ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചാംദിവസമാണു ജയിൽ ഡിഐജി കണ്ണൂർ ജയിലിലെത്തിയത്. പിറ്റേന്നു റിപ്പോർട്ട് കൊടുത്തെങ്കിലും നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടായി. ജീവനക്കാരുടെയും തടവുകാരുടെയും വിശദമായ മൊഴികളടങ്ങുന്ന റിപ്പോർട്ടാണു ഡിഐജി നൽകിയിരിക്കുന്നതെന്നും കുറഞ്ഞ സമയംകൊണ്ട് നടപടിയെടുക്കാൻ കഴിയില്ലെന്നും ജയിൽ മേധാവി ഡിജിപി ആർ.ശ്രീലേഖ പറഞ്ഞു. പിണറായി കൂട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

No comments