നിർമ്മാണം പൂർത്തിയായ താവം മേൽപ്പാലം ഇന്ന് തുറക്കും
പഴയങ്ങാടി: നീണ്ട കാത്തിരിപ്പിനൊടുവിൽ പഴയങ്ങാടി താവം മേൽപ്പാലം ചൊവ്വാഴ്ച രാവിലെ ഒൻപതിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.
കെ.എസ്.ടി.പി.യുടെ പിലാത്തറ പീരക്കാംതടം-പാപ്പിനിശ്ശേരി 22 കിലോമീറ്റർ റോഡ് നവീകരണത്തോടൊപ്പം പാപ്പിനിശ്ശേരി, താവം മേൽപ്പാലം പണിയും ഉണ്ടായിരുന്നു. ഇതിൽ പാപ്പിനിശ്ശേരി മേൽപ്പാലം വഴി വാഹനങ്ങൾ ഓടാൻ തുടങ്ങിയിട്ട് മാസങ്ങളായി. താവത്തെ മേൽപ്പാലം പണി പല സാങ്കേതികപ്രശ്നങ്ങൾക്കൊപ്പം ബീം താഴെ വീണതുകാരണം അനന്തമായി നീണ്ടുപോവുകയായിരുന്നു.
താവത്തെ റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിന് സാധാരണ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് പുറമെ പീരക്കാംതടം പഴയങ്ങാടി വഴി വലിയ ചരക്കുവാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കടന്നുപോയിക്കൊണ്ടിരിക്കുന്നതും ഇവിടെ വലിയ ഗതാഗത തടസ്സം തന്നെ സൃഷ്ടിക്കുന്നുണ്ട്.
ഈ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ‘ഈ പാലമൊന്ന് വേഗം തുറന്നുകൊടുത്തൂടേ’ എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത നൽകിയിരുന്നു. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും.
വർഷങ്ങളായുള്ള ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ സ്ഥലം എം.എൽ.എ. ടി.വി.രാജേഷ് പണിപൂർത്തിയാകുന്നമുറയ്ക്ക് പാലം തുറന്നു കൊടുക്കണമെന്ന അഭ്യർഥനയുമായി മന്ത്രി ജി.സുധാകരനെ സമീപിച്ചു. അദ്ദേഹം ഇതിനനുമതി നൽകിയതോടെ ചൊവ്വാഴ്ച മുതൽ പാലംവഴി വാഹനങ്ങൾ കടന്നുപോകും.
ലൈറ്റുകൾ സ്ഥാപിച്ചു
തിങ്കളാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഇരുഭാഗത്തും ബംഗ്ലർ ലൈറ്റ് സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുദിവസം മുൻപേതന്നെ പാലത്തിനുമുകളിൽ സ്ഥാപിച്ച 25 സോളാർ ലൈറ്റുകൾ കത്തിത്തുടങ്ങിയിരുന്നു. പാലത്തിനുമുകളിൽ വാഹനത്തിന്റെ വേഗം 20 ആയി നിജപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചു.



No comments