APP DOWNLOAD

TRENDING

മാടായിയില്‍ റിബല്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത മുസ്ലീം ലീഗ് പഞ്ചായത്ത് അംഗത്തെ സസ്പെൻഡ് ചെയ്തു.



പഴയങ്ങാടി: മാടായി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ലീഗ് പഞ്ചായത്ത് അംഗം കെ ഹംസകുട്ടിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അന്വേഷണ വിധേയമായി സംസ്ഥാന കമ്മറ്റി സസ്പെന്‍ഡ് ചെയ്തു.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദോഗിക സ്ഥാനാര്‍ഥിയായ ലീഗിലെ എസ് കെ ആബിദക്ക് വോട്ട് ചെയ്യാതെ റിബല്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ്സിലെ കെ ഡെയ്സിക്കാണ് ഹംസകുട്ടി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം നടക്കുന്ന മാടായി പഞ്ചായത്തില്‍ ലീഗിന് അവകാശപ്പെട്ട വികസന സ്റ്റാന്‍ഡിങ് കമ്മറ്റി സീറ്റിലാണ് കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിച്ചത്.
മാടായി പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ആബിദ വെങ്ങരയില്‍ നിന്നും ആയുര്‍വേദിക്ക് ഡിസ്‌പെന്‍സറി മാറ്റിയത് ആണ് ആബിദാക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ഹംസകുട്ടിക്ക് ആ സ്ഥാനം നല്‍കാന്‍ ലീഗ് വിസമ്മതിച്ചതിനാല്‍ ആണ് കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്കിയതെത്രെ.
ലീഗ് പിന്തുണയോടെ വൈസ് പ്രസിഡന്റ പദവി കോണ്‍ഗ്രസ്സ് അംഗം വഹിക്കുമ്പോഴാണ് കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ലീഗിന് പത്തും കോണ്‍ഗ്രസ്സിന് നാല് അംഗങ്ങളുമാണ് ഭരണസമിതിയിലുള്ളത്. ലീഗിലെയും കോണ്‍ഗ്രസ്സിലെയും പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് റിബല്‍ സ്ഥാനാര്‍ഥിയുണ്ടായത്. അതിനാല്‍ തന്നെ മുട്ടത്തെ ലീഗ് അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണ് ഇതെന്നും അഭിപ്രായമുണ്ട്. മുന്‍സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണായ എ സുഹറാബി സ്ഥാനം രാജിവെച്ച് പ്രസിഡന്റ് ആയതോടയാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിവ് വന്നതും തെരഞ്ഞെടുപ്പ് നടന്നതും.

No comments