അശ്ലീല വാട്സ് ആപ്പ് മാഫിയ; സംസ്ഥാനം മുഴുവൻ വല വിരിച്ച് പോലീസ്
സംസ്ഥാനത്തെമ്പാടും വേരുകളുള്ള നൂറിലേറെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രതിദിനം ആയിരത്തിലേറെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് വലവിരിച്ചു. എല്ലാ ജില്ലയിലും നെറ്റ് വർക്കുള്ള അശ്ലീല ഗ്രൂപ്പ് സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാപകമായി സ്ത്രീകളുടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച വിവരം പുറത്തുവന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. നൂറിലേറെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ അറസ്റ്റിലായ തിരുവനന്തപുരം വിഴിഞ്ഞം നസീന മൻസിലിൽ സിദ്ധിക്കിനെ(36) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അശ്ലീല ഗ്രൂപ്പുകളുടെ അതിഭീകരത വ്യക്തമായത്. സിദ്ധിക്ക് മാത്രം അഡ്മിനായ മുപ്പത് ഗ്രൂപ്പുകളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലും പ്രതിദിനം എത്തിയിരുന്നത് നൂറിലേറെ അശ്ലീല വീഡിയോകളായിരുന്നു. അൻപത് മുതൽ നൂറു വരെ അംഗങ്ങൾ ഓരോ ഗ്രൂപ്പിലുമുണ്ടായിരുന്നു. എല്ലാ ദിവസവും വീഡിയോ പോസ്റ്റ് ചെയ്യാത്തവരെ ഗ്രൂപ്പിൽ നിന്നു പുറത്താക്കുന്ന രീതിയാണ് അഡ്മിൻമാർ സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രൂപ്പുകളിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ മുതൽ വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.



No comments