അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ തളിപ്പറമ്പ മോഡൽ; ഇന്ന് പാർക്കിംഗ് മോഡൽ
തളിപ്പറമ്പ് ∙ മൂന്നു വർഷങ്ങൾക്കു മുൻപു തളിപ്പറമ്പ് മാതൃക എന്ന പേരിൽ സംസ്ഥാനമെങ്ങും അറിയപ്പെട്ടതാണു തളിപ്പറമ്പ് ജനകീയ വികസന സമിതിയുടെ ഗതാഗത പരിഷ്കാരങ്ങൾ. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരിക്കൽ തളിപ്പറമ്പിലൂടെ കടന്നുപോയപ്പോൾ ദേശീയപാതയിലെ സുഗമമായ ഗതാഗത സംവിധാനം കണ്ട് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ജയിംസ് മാത്യു എംഎൽഎയെ അപ്പോൾ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അന്നത്തെ ട്രാഫിക് കമ്മിഷണർ ഋഷിരാജ് സിങ് തളിപ്പറമ്പിലെത്തി ഈ സംവിധാനത്തെ അഭിനന്ദിച്ചു എന്നു മാത്രമല്ല കൂടുതൽ ക്രമീകരണങ്ങൾക്കായി അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.
എന്നാൽ ഇന്നു തളിപ്പറമ്പിന്റെ അവസ്ഥ ദയനീയമാണ്. നാലുവരിയായതിനാലും നഗരത്തിൽ ചുരുങ്ങിയ സ്ഥലത്തു കൂടി മാത്രമേ കടന്നു പോകുന്നുള്ളൂ എന്നതിനാലും ദേശീയപാതയിലൂടെ വലിയ കുരുക്കില്ലാതെ വാഹനങ്ങൾക്കു കടന്നു പോകാമെങ്കിലും രാവിലെ പത്തു കഴിഞ്ഞാൽ ബൈക്ക് പോലും റോഡരികിൽ നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ പിന്തുണയോടെ ആവിഷ്കരിച്ച പരിഷ്കാരങ്ങൾ എങ്ങനെ സർക്കാർതലത്തിൽ തന്നെ അട്ടിമറിക്കാം എന്നതിന്റെ ഉദാഹരണമാണു തളിപ്പറമ്പ് മാതൃകയുടെ ഇപ്പോഴത്തെ ഗതി.
കക്ഷിരാഷ്ട്രീയം മറന്നു തളിപ്പറമ്പിലെ ജനങ്ങൾ ഒന്നിച്ചപ്പോഴാണു തളിപ്പറമ്പ് മാതൃക നടപ്പിലായത്. ഒന്നര വർഷത്തോളം ഇത് തുടർന്നുവെങ്കിലും സർക്കാർതലത്തിൽ നിന്നു യാതൊരു സഹായവും ലഭിക്കാതായപ്പോൾ എല്ലാം തകിടംമറിഞ്ഞു. ഇപ്പോൾ തളിപ്പറമ്പ് നഗരത്തിലെ പ്രധാനപാതയോരങ്ങളിൽ കടകളിലേക്കുള്ള പ്രവേശന വഴി അടച്ച് ബൈക്കുകളുടെ ‘മതിലു’കളാണു കാണാനാകുക. പുലർച്ചെ നിർത്തിയിടുന്ന ബൈക്കുകൾ രാത്രി മാത്രമേ എടുക്കാറുള്ളൂ. നഗരത്തിലെ ദേശീയപാതയോത്ത് ബൈക്കുകളാണെങ്കിൽ പൂക്കോത്ത് നടയുടെ താഴെയും ഹൈവേ പള്ളി മുതൽ ചിറവക്ക് വരെയും കാറുകളാണു ദേശീയപാതയുടെ ഇരുവശവും കയ്യടക്കുന്നത്.
തുടക്കം ഗംഭീരം
നഗരത്തെ ഗതാഗതക്കുരുക്കിൽ നിന്നു മോചിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 2014ൽ ആണ് ജയിംസ് മാത്യു എംഎൽഎയുടെ അഭ്യർഥന പ്രകാരം തളിപ്പറമ്പിലെ പത്രപ്രവർത്തകർ മുൻകൈ എടുത്തു സർവകക്ഷി യോഗം വിളിച്ചു ചേർത്ത് ജനകീയ വികസന സമിതി രൂപീകരിച്ചത്. കുപ്പം മുതൽ തൃച്ചംബരം വരെ നാല് കിലോമീറ്ററോളം ദേശീയപാതയോരത്ത് വാഹന പാർക്കിങ്ങിനും മറ്റും തടസ്സമാകുന്ന തരത്തിലുള്ള സ്തൂപങ്ങളും കൊടിമരങ്ങളും പൊളിച്ചു നീക്കി. പിന്നീട് ദേശീയപാതയുടെ ഇരുവശത്തും അളന്നു തിട്ടപ്പെടുത്തി പാർക്കിങ്ങിനായി സ്ഥലം നീക്കി വച്ചു.
ഓരോ തരം വാഹനങ്ങൾക്കും മുപ്പത് മിനിറ്റ് വീതം നഗരത്തിൽ പാർക്കിങ് അനുവദിക്കുന്ന ബോർഡുകളും ട്രാഫിക് കോണുകളും സ്ഥാപിച്ചു. പാർക്കിങ് നിയന്ത്രിക്കാൻ പ്രതിമാസം 8,000 രൂപ വീതം നൽകി 12 ഹോംഗാർഡുമാരെയും നിയമിച്ചു. അധിക സമയം വാഹനങ്ങൾ നിർത്തിയിടുന്നവരെ പിടികൂടാൻ സംവിധാനമുണ്ടായപ്പോൾ പാർക്കിങ് പ്രശ്നത്തിനും പരിഹാരമായി. നഗരസഭ അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള ട്രാഫിക് റഗുലേറ്ററി സമിതി രൂപീകരിച്ച് ഈ നടപടികൾക്കു കലക്ടറുടെ ഉത്തരവു പ്രകാരം നിയമപ്രാബല്യവും ലഭിച്ചിരുന്നു.
പ്രഖ്യാപനം മാത്രം
ലക്ഷങ്ങൾ വരുന്ന ഇതിന്റെ ചെലവുകൾ ഉദാരമതികളുടെ സഹായത്തോടെയാണു നടത്തി വന്നത്. ഒന്നര വർഷം കഴിഞ്ഞാൽ ഈ ചുമതല പൊലീസ് ഏറ്റെടുത്ത് ഹോംഗാർഡുമാരെ നിയമിക്കുമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി തളിപ്പറമ്പിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിക്കുമെന്നും 10 പൊലീസുകാരെ നിയമിക്കുമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. പിന്നീട് ട്രാഫിക് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നെങ്കിലും പൊലീസുകാർ മാത്രം ഇവിടെ എത്തിയില്ല. എത്തിയ ഹോംഗാർഡുമാരെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു നിയോഗിച്ചു.
സമിതി നിയമിച്ച ഹോംഗാർഡുമാർക്ക് ശമ്പളം നൽകുന്ന ബാധ്യത താങ്ങാനാവാതെ ഇവരെ ഒഴിവാക്കേണ്ടി വന്നതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയിലേക്കു നീങ്ങി. വ്യാപാരികളുടെ വാഹനങ്ങൾ നിർത്തിയിടാനായി പ്രത്യേക പേ പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും മറ്റു കാര്യങ്ങൾ അവതാളത്തിലായതോടെ ഇതും നിർത്തലായി. ദേശീയപാതയോരത്തു നഗരത്തിലും ചിറവക്കിലുമായി രണ്ടു പേ പാർക്കിങ് സംവിധാനം വികസന സമിതി ഏർപ്പെടുത്തിയിരുന്നു. പക്ഷേ ഇപ്പോൾ കോടതി റോഡിലുള്ള സ്വകാര്യ പേ പാർക്കിങ് മാത്രമാണു പ്രവർത്തിക്കുന്നത്.
ഇതിനിടെ, നഗരത്തിൽ വികസന സമിതി സ്ഥാപിച്ച ബോർഡുകളും കോണുകളുമെല്ലാം പലരും നശിപ്പിച്ചു. കുപ്പത്ത് ദേശീയപാതയുടെ ഇരുവശവും വികസന സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനു ലോഡ് മണ്ണിട്ട് ഉയർത്തി വീതി കൂട്ടി ദീർഘദൂര ലോറിക്കാർക്കു വിശ്രമത്തിനും മറ്റുമായി സ്ഥലമൊരുക്കിയിരുന്നു. എന്നാൽ ഈ സ്ഥലം ഇപ്പോൾ തട്ടുകടക്കാർ കയ്യേറിയിരിക്കുകയാണ്. ഇവിടെ സ്ഥലം സ്വന്തമാക്കി ദിവസ വാടകയ്ക്കു തട്ടുകട നടത്താനായി നൽകുന്നവരും ഉണ്ട്.
വഴിമുടക്കി...
ഇപ്പോൾ അതിരാവിലെ വിദൂരയാത്രയ്ക്ക് പോകേണ്ടവർ രാവിലെ നഗരത്തിലെത്തി റോഡരികിലെ കടകൾക്കു മുൻപിൽ വാഹനങ്ങൾ നിർത്തി സ്ഥലം വിടുകയാണു ചെയ്യുന്നത്.തളിപ്പറമ്പിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും വാഹനങ്ങൾ തങ്ങളുടെ സ്ഥാപനത്തിനു മുൻപിലെ റോഡിലോ അല്ലെങ്കിൽ അടുത്ത കടയുടെ മുൻപിലോ അതുമല്ലെങ്കിൽ നഗരസഭാ ബസ് സ്റ്റാൻഡിന് മുൻപിലെ സ്ഥലത്തോ നിർത്തിയിടുന്നു. പിന്നീട് രാത്രിയിൽ തിരിച്ചെടുക്കുന്നതു വരെ വാഹനങ്ങൾ എല്ലാവർക്കും ശല്യമായി അവിടെ കിടക്കും.
ബസ് സ്റ്റാൻഡ് പരിസരത്തുള്ള താലൂക്ക് ഓഫിസ് കോംപൗണ്ടും സബ് റജിസ്ട്രാർ ഓഫിസ് കോംപൗണ്ടും ഇത്തരത്തിലുള്ള പാർക്കിങ്ങിന്റെ കേന്ദ്രമാണ്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തു കടന്നു വിവിധ സ്ഥലങ്ങളിലേക്കു പോകുന്ന മെയിൻ റോഡിന്റെ അവസ്ഥയും ഇതേ നിലയിലാണ്.ഈ റോഡിന്റെ ഇടതുഭാഗം ഇരുചക്രവാഹനങ്ങൾ നിരത്തി നിർത്തിയ നിലയിലാണ്. കടയിലേക്കുള്ള വഴി അടയ്ക്കുന്ന ഇത്തരം പാർക്കിങ് കച്ചവടത്തിനു തിരിച്ചടിയാകുന്നതായി വ്യാപാരികൾ പറയുന്നു.
നിയമം ലംഘിച്ച് ഷോപ്പിങ് കോംപ്ലക്സുകള്‍
നഗരത്തിലെ ചില ഷോപ്പിങ് കോംപ്ലക്സുകള്‍ നിയമം ലംഘിക്കുന്നു.പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കു സ്വന്തമായി പാർക്കിങ് സ്ഥലം ഉണ്ടെങ്കിലേ നഗരസഭയുടെ അനുമതി ലഭിക്കുകയുള്ളൂ.എന്നാൽ ഇത്തരത്തിൽ കെട്ടിടത്തിന്റെ താഴെയുള്ള പാർക്കിങ് സ്ഥലം തടസ്സപ്പെടുത്തി ഇവിടേക്കു വരുന്ന വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിടുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഭൂമിക്കടിയിൽ പാർക്കിങ്ങിനായി കാണിച്ച് എടുക്കുന്ന സ്ഥലം പിന്നീടു നഗരസഭാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കെട്ടിട നമ്പർ വാങ്ങി മുറികളാക്കി മാറ്റും.



No comments