APP DOWNLOAD

TRENDING

റിഫ്ളക്ടറില്ലാത്ത ഡിവൈഡറുകളില്‍ കയറി ഗ്യാസ് ടാങ്കറുകള്‍ അടിക്കടി മറിയുമ്പോഴും അനക്കമില്ലാതെ അധികൃതർ; പ്രധിഷേധം ശക്തമാവുന്നു



കണ്ണൂര്: റിഫ്ളക്ടറില്ലാത്ത ഡിവൈഡറുകളില്‍ കയറി ഗ്യാസ് ടാങ്കറുകള്‍ അടിക്കടി മറിയുമ്പോഴും അനക്കമില്ലാതെ അധികൃതര്‍. കണ്ണൂരില്‍ പുതിയതെരുവിനും ചാലക്കുമിടയില്‍ ദേശീയപാതയില്‍ ഡിവൈഡറില്‍ കയറി വാഹനങ്ങള്‍ മറിയുന്നത് പതിവാണ്. തിരുവോണ ദിവസം പുലര്‍ച്ചെ പള്ളിക്കുന്ന് ശ്രീപുരം ഹൈസ്‌കൂളിന് സമീപം ഡിവൈഡറില്‍ തട്ടി ടാങ്കര്‍ മറിഞ്ഞത് വന്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. പന്നേന്‍പാറ റോഡില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ടാങ്കര്‍ ഡിവൈഡറിലേക്ക് കയറിയത്. മറിഞ്ഞതോടെ ക്യാപ്സ്യൂളുകള്‍ വേര്‍പെട്ടു. കാറില്‍ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൊളച്ചേരി സ്വദേശി അജിത്തും കുടുംബവും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളോര്‍ത്ത് നടുങ്ങുന്നു. കാറില്‍ പരിക്കുകളോടെ ഒരുമണിക്കൂര്‍ നേരമാണ് നാലുപേര്‍ കുടുങ്ങിക്കിടന്നത്. അജിത്ത്, ഭാര്യ ബിന്ദു, മകന്‍ ബിജിത്ത്, അജിത്തിന്റെ സഹോദരി അജിത എന്നിവര്‍ക്ക് പരിക്കേറ്റു. ഈ ഭാഗത്ത് ഡിവൈഡര്‍ സ്ഥാപിച്ചിട്ട് രണ്ടു വര്‍ഷത്തിലേറെയായെങ്കിലും റിഫ്ളക്ടറുകളൊന്നുമില്ല. ഡിവൈഡറാണെന്ന് തിരിച്ചറിയാന്‍ വാഹനങ്ങള്‍ക്ക് സാധിക്കാത്തതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. ആറുവര്‍ഷം മുമ്പ് ഉത്രാടത്തലേന്ന് ചാലയില്‍ ഇരുപതുപേരുടെ ജീവനെടുത്ത ഗ്യാസ് ടാങ്കര്‍ ദുരന്തവും ഡിവൈഡറിലിടിച്ചായിരുന്നു. ഡിവൈഡറിലിടിച്ചു മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് ദാരുണാന്തങ്ങളുണ്ടായത്. ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തിലും പിന്നീട് ഡിവൈഡറുകള്‍ സ്ഥാപിക്കുമ്പോള്‍ അപകടം ഒഴിവാക്കാനുള്ള ശാസ്ത്രീയമായ സമീപനങ്ങള്‍ ദേശീയപാത വിഭാഗത്തില്‍ നിന്നുണ്ടായിട്ടില്ല. പള്ളിക്കുന്നില്‍ തിരുവോണത്തിന് മറിഞ്ഞ ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരാതിരുന്നതാണ് രക്ഷയായത്. ചാലദുരന്തത്തില്‍ ക്രൈംബ്രാഞ്ച് പൊതുമരാമത്ത് വകുപ്പിനെ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇനിയെങ്കിലും മറ്റൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ് ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

No comments