കനത്ത മഴയെ മറയാക്കി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണ ശ്രമം;ഇരിണാവ് ജംഗ്ഷനിലെ ശ്രീകണ്ഠ ജ്വല്ലറിയിലാണ് കവര്‍ച്ചാശ്രമം നടന്നത്
കണ്ണൂര്: കണ്ണപുരം പോലീസ് പരിധിയില്‍ ഇരിണാവ് ടൗണില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാശ്രമം. ഇരിണാവ് ജംഗ്ഷനിലെ ശ്രീകണ്ഠ ജ്വല്ലറിയിലാണ് കവര്‍ച്ചാശ്രമം നടന്നത്. ജ്വല്ലറിയുടെ കിഴക്കുവശത്തെ ചുമര്‍ തുരന്നാണ് കവര്‍ച്ചാശ്രമം. കണ്ണപുരം പാറപ്പുറത്ത വി.വി. വിനോദിന്റെ ജ്വല്ലറിയില്‍ ഉടമ ഇന്ന് രാവിലെ ഒമ്പതരയോടെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ചുമര്‍ തുരന്നതായി ശ്രദ്ധയില്‍ പെട്ടത്. ഒരാള്‍ക്ക് അകത്തുകടക്കാന്‍ പാകത്തിലാണ് ചുമരില്‍ ദ്വാരമുണ്ടാക്കിയിരിക്കുന്നത്. തുടര്‍ന്ന് കണ്ണപുരം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വളപട്ടണം സി.ഐ എം.കൃഷ്ണനും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ മറയാക്കിയാണ് കവര്‍ച്ചാ സംഘം എത്തിയത്. തൊട്ടടുത്ത കടയുടെ വരാന്തയില്‍ ചെളിപുരണ്ട കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. ഒന്നില്‍ കൂടുതലാളുകള്‍ കവര്‍ച്ചാ സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഉളി ഉപയോഗിച്ചാണ് ചുമര്‍ തുരന്നതെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
No comments