ദേശിയപാത വികസനം പരിയാരത്ത് അലൈൻമെന്റിൽ മാറ്റം: സർക്കാർ ഭൂമി ഏറ്റെടുക്കും
പരിയാരം: ദേശീയപാത നാലുവരിയാക്കുന്നതിന് പരിയാരം മെഡിക്കല്‍ കോളജിന് മുന്നിലെ സര്‍ക്കാര്‍ ഭൂമിതന്നെ ഏറ്റെടുക്കാന്‍ ഉത്തരവായി. ആയുര്‍വേദ കോളജ് മുതല്‍ ഔഷധി വരെ നേര്‍രേഖയില്‍ ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ റോഡ് വികസിപ്പിക്കുന്നതിന് നേരത്തെ നിലവിലുള്ള ദേശീയപാതയുടെ രണ്ട് ഭാഗത്തുനിന്നും തുല്യമായി ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ഭാഗത്തെ അളവുകള്‍ പൂര്‍ത്തീകരിച്ച് കല്ലുകളും സ്ഥാപിച്ചിരുന്നു.
എന്നാല്‍ പരമ്പരാഗത ജലശ്രോതസായ അലക്യംതേടും അന്‍പതിലേറെ വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന ഈ അലൈന്‍മെന്റ് മാറ്റണമെന്ന് അന്നുമുതല്‍ തന്നെ വ്യാപാരികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ആയുര്‍വേദ കോളജ് അലക്യംപാലം മുതല്‍ ഔഷധിവരെ ഒന്നര കിലോമീറ്റര്‍ വീതിയില്‍ ദേശീയപാതയ്ക്കു സമാന്തരമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നേര്‍രേഖയില്‍ കിടക്കുമ്പോഴാണ് മെഡിക്കല്‍ കോളജ് ജംഗ്ഷനിലെ സ്വകാര്യസ്ഥലവും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന രീതിയില്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് കാണിച്ച് വ്യാപാരികള്‍ സ്ഥലം എംഎല്‍എ ടി.വി.രാജേഷ്, കലക്ടര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് ജനുവരിയില്‍ ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും സംയുക്തമായി പപുറമ്പോക്ക് സ്ഥലം അളന്ന് അലൈന്‍മെന്റ് മാറ്റി കുറ്റിയടിച്ചത്. ഇതോടെ വ്യാപാരസ്ഥാപനങ്ങളും സ്വകാര്യഭൂമിയും ഏറ്റെടുക്കലില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവായിരിക്കയാണ്. ഈ ഭാഗത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നൂറിലധികം പെട്ടിക്കടകളും മില്‍മ, പഴംപച്ചക്കറി സൊസൈറ്റി എന്നിവയും അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് ഇതുവഴി വരുന്നതോടെ ഇവയെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കപ്പെടും
No comments