APP DOWNLOAD

TRENDING

സൗമ്യ ആത്മഹത്യ ചെയ്ത സംഭവം: കണ്ണൂർ വനിതാ ജയിലിലെ സുരക്ഷാവീഴ്ച: ഉന്നതതല അന്വേഷണം വേണം : സതീശൻ പാച്ചേനി



കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ്‌ തടവുകാരി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.

നിയമ സംവിധാനങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തുന്ന രൂപത്തിൽ ജയിലിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് ഭരണസംവിധാനത്തിന്റെ നിഷ്കൃയതയും തടവുകാരും ക്രിമിനലുകളും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടം കൂട്ട് നില്ക്കുന്നതിനും തുല്യമാണ്.

തടവുകാരേക്കാൾ ജീവനക്കാരുള്ള വനിതാ ജയിലിൽ തടവുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത നിലനില്ക്കുകയാണ്. ശിക്ഷിക്കപ്പെടുന്ന തടവുകാർക്ക് മാത്രം ജോലി നല്കുന്ന രീതിയുള്ള വനിതാ ജയിലിൽ റിമാൻഡ് തടവുകാർക്ക് ജോലി നല്കുന്ന രീതിയും സ്വന്തം വസ്ത്രം മാത്രം ഉപയോഗിക്കുന്ന റിമാർഡ് തടവുകാരി സഹതടവുകാരിയുടെ വസ്ത്രത്തിൽ ആരും കാണാതെ ജയിൽ വളപ്പിൽ എങ്ങനെ തൂങ്ങി മരിച്ചു എന്നുള്ളതും അന്വേഷണ വിധേയമാക്കേണ്ടതാണ്.

ഭരണത്തിന്റെ തണലിൽ ജില്ലയിൽ സെൻട്രൽ ജയിലുകളിൽ എല്ലായ്പ്പോഴും സി.പി.എം പ്രവർത്തകരായ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് തടവുകാരെപ്പോലെയല്ലാതെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത് എന്ന് കുറെ കാലമായി ആക്ഷേപം നിലനില്ക്കുന്നുണ്ട്. സെൻട്രൽ ജയിലിനകത്ത് പാർട്ടി ഫ്രാക്ഷൻ പ്രവർത്തിപ്പിച്ച് ജയിൽ നിയമങ്ങളെ കാറ്റിൽ പറത്തി ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുകയാണ്.
കഞ്ചാവും മയക്കുമരുന്നും ജയിലിനകത്ത് പോലും സുലഭമായി ലഭ്യമാവുന്ന അവസ്ഥയും, തടവുകാർക്ക് കാമുകിമാരുമായി സല്ലപിക്കാനുള്ള സൗകര്യവും ഒരുക്കി ജയിലിനെ സി.പി.എം ക്രിമിനലുകളുടെ സുഖവാസ കേന്ദ്രമാക്കി മാറ്റി അസാൻമാർഗ്ഗിക പ്രവർത്തനങ്ങൾ നടത്താൻ പിണറായിഭരണകൂടം തന്നെ സൗകര്യമൊരുക്കുന്ന തെറ്റായ നടപടികൾ ജില്ലയിൽ ജയിലുകളിൽ നടക്കുന്നുണ്ട്.
ഭരണകൂട പിന്തുണയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പ്രോൽസാഹനം നല്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ഇത്തരം നിയമവിരുദ്ധമായ നടപടികളെ ഇല്ലായ്മ ചെയ്തിട്ടില്ലെങ്കിൽ നാട്ടിൽ അരാജകത്വം നടമാടുമെന്നും അത്തരം ചിദ്രവാസനകൾ അവസാനിപ്പിക്കാൻ ജയിലുകളിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലും സൗമ്യ ആത്മഹത്യ ചെയ്ത വിഷയത്തിലും ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

No comments