‘മറക്കില്ല മലയാളികള്‍, ഉമ്പായിയെ’;ഗസൽ സുൽത്താന്റെ സഞ്ചാരവഴികള്
ഏകാന്തതയിൽ നീയും ഞാനും എല്ലാം മറന്നൊരു നിമിഷത്തിൽ... കുങ്കുമക്കുറിയാൽ നീയെൻ കവിളിണ ചുവപ്പിച്ചത് ഒാർമയുണ്ടോ തോഴി.. തുടിപ്പിച്ചത് ഒാർമയുണ്ടോ..’ സന്ധ്യകളെ സിന്ദൂരമാക്കിയ ആ ശബ്ദത്തെ കാലം മാറോടണച്ചു. ഉമ്പായി എന്ന വ്യക്തിയെ കാലം അതിന്റെ അനിവാര്യത തെളിയിക്കാൻ കൂട്ടിയെങ്കിലും ആ പേരും പേരുകാരനും അയാളുടെ സംഗീതവും വിശ്വലോകത്ത് ഇനിയും പലകോടി നൂറ്റാണ്ട് മുഴങ്ങും. അത്രത്തോളം ലയിച്ചിരിന്നിട്ടുണ്ട് മലയാളി അയാൾക്ക് മുന്നിൽ.
വീണ്ടും പാടാം സഖീ... പാടുക സൈഗാള്‍ പാടൂ തുടങ്ങി ഉമ്പായിയുടെ ഇരുപതോളം ആല്‍ബങ്ങള്‍ കേരളം നെഞ്ചിലേറ്റി. മലയാളിക്ക് എന്തു ഗസൽ എന്ന് പുച്ഛിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു ഉമ്പായിയുടെ ഗസൽ വിപ്ലവം. മലയാളവും ഉറുദുവും ഹിന്ദിയും എന്നു വേണ്ട ഉബായിയുടെ സ്വരമാധുരിയിലൂടെ, ആ ഉച്ചാരണത്തിലൂടെ പുറത്തുവന്ന ഗസലുകളെല്ലാം കേട്ടുകേട്ടിരിക്കാൻ വെമ്പൽ കൊണ്ടു. ഗസല്‍ എന്ന സംഗീതശാഖയ്ക്ക് കേരളത്തിൽ വേരുപ്പിക്കുന്നവരിൽ ഉമ്പയി വഹിച്ച സ്ഥാനം മുൻപന്തിയിൽ തന്നെയാണ്.
‘നീലത്താമര വിടരും നിന്നുടെ നീർമിഴി നിറയില്ലെങ്കിൽ... വീണ്ടും പാടാം സഖി നിനക്കായി... വാക്കുകളിലെ ലാളിത്യം വലിയവനും ചെറിയവനും എന്ന മതിൽ ഒഴിവാക്കി. ആ ഗസുകൾ മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ചു. ചെറിയ കാര്യങ്ങൾ വലിയ സംഗീതത്തോട് ചേർത്ത് അയാൾ പറയുമ്പോൾ ആരും മതിമറന്നുപോകും. ‘ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്..’ പറഞ്ഞുതീർക്കേണ്ട വരികളെ പാടി തീർക്കാൻ ഇറങ്ങിയ ഗസലുകളുടെ തന്തോന്നി ചക്രവർത്തിയിരുന്നു ഉമ്പായി.
അന്യൂനവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. ചുമട്, കള്ളക്കടത്ത്, ഗുണ്ടായിസം തുടങ്ങി അദ്ദേഹം കടന്നുപോകാത്ത ജീവിതാനുഭവങ്ങളില്ല. സംഗീതവും ഗുണ്ടായിസവും ഒരേപോലെ വഴങ്ങുന്ന സിനിമയിലെ നായകരെ നാം കണ്ടിട്ടുണ്ട്. അതേ, ഉംബായിയുടെ ജീവിതാനുഭവങ്ങള്‍ വളരെ മുമ്പേതന്നെ മുഖ്യധാര തിരക്കഥാകൃത്തുകള്‍ സിനിമിലേക്ക് അവലംബിച്ചതായും കഥകളുണ്ട്.
എന്നാല്‍ ഒരു സിനിമാക്കഥയെപ്പോലും അതിശയപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം. ഒരുപാടു കാലാകരന്‍മാര്‍ക്കു ജന്‍മം നല്‍കിയ കൊച്ചിയുടെ സംഗീതചരിത്രം രേഖപ്പെടുത്തുക കൂടിയാണ് ഈ പുസ്തകത്തില്‍. താന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഈ ദേശം തന്നതാണ് എന്ന് ഓരോ താളിലും ഉമ്പായി പറഞ്ഞുവയ്ക്കുന്നുണ്ട്. മെഹബൂബ് ഭായിയുടെ സംഗീതയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാനായതാണ് തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് ഉമ്പായി ആമുഖത്തില്‍ പറഞ്ഞിരുന്നു. കെട്ടകാലത്തിന്റെ മണിമുഴക്കം നാം കേട്ടുതുടങ്ങിയിരിക്കുന്നു. ഇന്ന് സമൂഹത്തില്‍ നിറഞ്ഞാടുന്ന മൃഗീയ പ്രവണതകള്‍ക്കും, മ്യൂല്ല്യച്ച്യുതികള്‍ക്കുമുള്ള കാരണങ്ങളില്‍ പ്രധാനം നമ്മുടെ സ്വന്തം സംഗീതം നമ്മില്‍ നിന്നും അന്യമാകുന്നത് തന്നെയാണ്.
പാടുന്നത് കണ്ഠത്തിലൂടെ മാത്രമല്ലെന്നും, ശരീരാവയവങ്ങള്‍ നന്നായി ചലിപ്പിക്കുക കൂടി വേണമെന്ന പുതിയ സന്ദേശത്തിന് ഇന്ന് വ്യാപകപ്രചാരം ലഭിച്ചിരിക്കുന്നു. പാട്ട് കേട്ട് ആസ്വദിക്കുന്നതില്‍നിന്നും കണ്ട് ആസ്വദിക്കുന്നതിലേക്ക് വഴി മാറിയിരിക്കുന്നു. സമൂഹത്തില്‍ പരക്കെ വ്യാപിച്ചിട്ടുള്ള ഈ കൂരിരുട്ടില്‍ നിന്നുള്ള മോചനത്തിന് ആദ്യം വേണ്ടത് നമ്മില്‍നിന്നും അകലുന്ന നമ്മുടെ സംഗീതത്തെ തിരിച്ചുകൊണ്ടുവരികയെന്നതാണെന്ന് ഉമ്പായി പറയുന്നു.
വലിയ വീടുകളിലെ അകത്തളങ്ങളിലും ശീതികരിച്ച മുറികളിലുമിരുന്ന് ഉന്നതന്മാരും വിദ്യാസമ്പന്നരും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന 'ഗസലി' നെ സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ഉമ്പായിയുടെ ശ്രമം വിജയത്തിലെത്തുകതന്നെ ചെയ്തു. ആ ശ്രമത്തിന്റെ കഥയാണ് രാഗം ഭൈരവി എന്ന ഉമ്പായിയുടെ ആത്മകഥ നമ്മോടു പറയുന്നത്.




No comments