ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി സമ്മാനം വാങ്ങിയ വായാട്, മട്ടന്നൂർ സ്വദേശികൾ അറസ്റ്റില്‍
പയ്യന്നൂര്:കേരള ലോട്ടറിയുടെ ടിക്കറ്റില്‍ നമ്പര്‍ തിരുത്തി സമ്മാനം വാങ്ങിയ രണ്ടുപേര്‍ അറസ്റ്റില്‍.തിരുവട്ടൂര്‍ വായാട്ടെ കെ.ബാദുഷ(36), മട്ടന്നൂരിലെ കെ.കെ.മന്‍സൂര്‍(35) എന്നിവരെയാണ് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ലോട്ടറി ടിക്കറ്റുകള്‍ നടന്ന് വില്‍പ്പന നടത്തുന്ന പയ്യന്നൂര്‍ മമ്പലത്തെ കെ.സി.ബാബുവിനെയാണ് തിരുത്തിയ നമ്പറുള്ള ലോട്ടറി ടിക്കറ്റ് നല്‍കി ഇവര്‍ കബളിപ്പിച്ചത്.സമ്മാനം ലഭിക്കാതിരുന്ന 303667 എന്ന നമ്പറിനെ വിദഗ്ദമായി ആയിരം രൂപ സമ്മാനമുള്ള 303007 നമ്പറാക്കി തിരുത്തിയാണ് ഇവര്‍ ബാബുവിനെ സമീപിച്ചത്.ആറ് എന്ന അക്കത്തെ ചുരണ്ടലും കൂട്ടിച്ചേര്‍ക്കലുമായി പൂജ്യമാക്കി മാറ്റിയാണ് നമ്പര്‍ തിരുത്തിയത്.സമ്മാനതുകയായ ആയിരം രൂപയില്‍ പുതിയ 15 ടിക്കറ്റും ബാക്കി പണവും വാങ്ങിയാണ് ഇവര്‍ കടന്നത്.ഇവര്‍ തിരക്ക് കൂട്ടുന്നതില്‍ സംശയം തോന്നിയ ലോട്ടറി വില്‍പ്പനക്കാരന്‍ ടൗണിലെ ചാത്തോത്ത് ലോട്ടറി എജന്‍സിയിലെത്തി ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്.വിവരമറിഞ്ഞയുടന്‍ വിരുതന്മാരെ തപ്പിയിറങ്ങിയ പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈനും സംഘവും പഴയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് ഇരുവരേയും പിടികൂടുകയായിരുന്നു.



No comments