ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികൾ
തളിപ്പറമ്പ: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാർത്ഥികളായിരുന്നു ഇന്നലെ’ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ തളിപ്പറമ്പ ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. ദിവസേനയുള്ള യാത്രകളിൽ ബസ് ജീവനക്കാരും പുഞ്ചിരിക്കണമെന്നും സമാധാന ശൈലിയിൽ സംസാരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ ഉണര്‍ത്തി.
ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്നും താങ്ങാവുന്നതിലധികം വിദ്യാർത്ഥികൾ ഒരേ ബസ്സിൽ കയറുന്നത് പോലുള്ള പൊതുജനങ്ങളെയും ജീവനക്കാരെയും ഒരു പോലെ ബാധിക്കുന്ന കാര്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വിട്ടു നിൽക്കണമെന്നും ബസ് ജീവനക്കാർ അഭിപ്രായപ്പെട്ടു.
എസ്.എസ്.എഫ്. തളിപ്പറമ്പ ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശവും മധുര വിതരണവും നടത്തി. സുഹൈൽ നരിക്കോട്, ശാക്കിർ ഹുമൈദി, സാദിഖ് കടമ്പേരി, സഫ്‌വാൻ വായാട്, വാരിസ് എളമ്പേരം, അബ്ദു റഹ്മാൻ തിരുവട്ടൂർ പരിപാടിക്ക് നേതൃത്വം നല്‍കി.



No comments