APP DOWNLOAD

TRENDING

മരണത്തിലേക്കുള്ള ഇരിപ്പിടങ്ങളുമായി സർക്കാർ ഓഫീസുകൾ

തളിപ്പറമ്പ :കാപ്പാട് മണലിൽ വൽസരാജിന്റെ ജീവനെടുത്ത ബെഞ്ച് കാടാച്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ മാത്രമല്ല, ജില്ലയിലെ ഒട്ടേറെ സർക്കാർ ഓഫിസുകളിലുണ്ട്. പലയിടത്തും സന്ദർശകർ രക്ഷപ്പെടുന്നത് ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രം.

തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫിസിലെ മരബെഞ്ചിനു മധ്യത്തിൽ കാലിന്റെ പകുതിയില്ല. കസേരയുള്ളതു രണ്ടും തകർന്നതാണ്. ഇതിലും മോശമായതാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇവ തൽക്കാലം ഓഫിസിന്റെ മൂലയ്ക്കു മാറ്റി. താലൂക്ക് ഓഫിസിലെ കസേരയും നടുവൊടിഞ്ഞതാണ്. ദേശീയപാത പ്രത്യേക തഹസിൽദാരുടെ ഓഫിസിൽ സന്ദർശകർക്ക് ഇരിക്കാൻ കസേരയേ ഇല്ല. ഏറ്റവുമധികം തിരക്കേറിയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിരത്തിയിരിക്കുന്നത് ഏതോ പാരലൽ കോളജ് കണ്ടം ചെയ്ത ബെഞ്ചുകൾ.

ആലക്കോട് സബ് ട്രഷറിയിൽ സന്ദർശകർക്ക് ഇരിക്കാനുള്ള രണ്ടു ബെഞ്ചുകളും കാലഹരണപ്പെട്ടതാണ്. വെള്ളാട് വില്ലേജ് ഓഫിസിലെ ബെഞ്ച് ദ്രവിച്ച നിലയിലാണ്.

മട്ടന്നൂർ സബ് റജിസ്ട്രാർ ഓഫിസിൽ സന്ദർശകർ ഇരിക്കുന്ന വരാന്തയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദ്രവിച്ച ലോഹ ഷീറ്റുകൾ ഏതു നിമിഷവും പൊളിഞ്ഞു തലയിൽ വീഴാം.

വയോധികരായ പെൻഷൻകാർ ആശ്രയിക്കുന്ന അഡീഷനൽ ജില്ലാ ട്രഷറി ഓഫിസ് മട്ടന്നൂരിൽ പ്രവർത്തിക്കുന്നതു നഗരസഭാ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ്. ലിഫ്റ്റ് ഇല്ലാത്തതിനാൽ മൂന്നുനില നടന്നുകയറി വേണം പെൻഷൻ വാങ്ങാൻ. ശ്രീകണ്ഠപുരം ചെങ്ങളായിയിൽ വില്ലേജ് ഓഫിസ് ജീർണിച്ച കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടു കാലങ്ങളായി. മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിപ്പോയതു മറയ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. വരാന്തയിൽ സന്ദർശകർക്കിരിക്കാനുള്ള മരബെഞ്ചിന്റെ കാൽ ഇളകിവീഴാറായ നിലയിലാണ്. തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസ് വരാന്തയിലെ കസേരയുടെ ചാരുന്ന ഭാഗം പൊളിഞ്ഞ നിലയിലാണ്. ധർമടം വില്ലേജ് ഓഫിസിന്റെ മേൽക്കൂരയും സന്ദർശകരെ അപകടപ്പെടുത്തുന്നതു തന്നെ.

വൽസരാജിന്റെ കുടുംബത്തിനു സർക്കാർ സഹായം നൽകും

കാടാച്ചിറ സബ് റജിസ്ട്രാർ ഓഫിസിലുണ്ടായ അപകടത്തിൽ പരുക്കേറ്റു മരിച്ച കാപ്പാട് സ്വദേശി വൽസരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായം നൽകുമെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു. വൽസരാജ് ബെഞ്ചിൽനിന്നു വീഴാനിടയായ സാഹചര്യം അന്വേഷിക്കാൻ ജില്ലാ റജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു. ബെഞ്ച് ഒടിഞ്ഞല്ല അപകടമെന്നും ബെഞ്ചിൽ ഇരുന്ന മറ്റു രണ്ടുപേർ എഴുന്നേറ്റപ്പോൾ ബെഞ്ച് മറിയുകയായിരുന്നുവെന്നുമാണു റിപ്പോർട്ട്


റിപ്പോർട്ട്: മനോരമ ന്യൂസ്

No comments