APP DOWNLOAD

TRENDING

ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു; കണ്ണൂർ ചരിത്രം കുറിച്ചത് മിനിറ്റുകൾക്കകം



കണ്ണൂർ • രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ 55 മിനിറ്റിനകം വിറ്റു തീർന്നു. ഡിസംബർ 9ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബുക്കിങ് തുടങ്ങുന്നുവെന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെ സിഇഒ കെ.ശ്യാംസുന്ദറാണ് അറിയിച്ചത്. തൊട്ടുപിന്നാലെ 12.40നു ബുക്കിങ് തുടങ്ങി. 1.35 ആവുമ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ തീരുകയും ചെയ്തു.


അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. എന്നാൽ മിനിറ്റുകൾക്കകം തുക കുതിച്ചു കയറി. ആയിരത്തോളം പേര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.



എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിങ് 737–800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അബുദാബിയിൽ നിന്നു കണ്ണൂരിലേക്കുള്ള നിരക്ക് 720 എഇഡിയിൽ ബുക്കിങ്ങ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റുപോയി.

No comments