ഡോക്ടറുടെ വീട്ടില്‍ നിന്ന് 65 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍
കണ്ണൂര്‍: ഡോക്ടറുടെ വീട്ടില്‍ നിന്ന് 65 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായ പരാതിയില്‍ യുവതി കസ്റ്റഡിയില്‍. ബര്‍ണശ്ശേരി ആര്‍ട്ടിലറി റോഡിലെ ഡോ. പ്രമീളയുടെ അഞ്ജലി എന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ വീട്ടില്‍ വേലയ്ക്കുനിന്ന കൊറ്റാളിയിലെ റിന്‍ഷ(35) യെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആറുമാസം മുമ്പാണ് റിന്‍ഷ ഈ വീട്ടില്‍ വീട്ടുവേലയ്ക്ക് എത്തിയത്. ഡോ.പ്രമീളയുടെ സ്വര്‍ണ്ണം സൂക്ഷിച്ചത് റിന്‍ഷകണ്ടിരുന്നു. സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍ കഴിഞ്ഞ ആറുമാസമായാണ് അല്‍പ്പാല്‍പ്പമായി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ തുടങ്ങിയത്. ആരുടെയും ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇത് തുടര്‍ന്നു. കഴിഞ്ഞദിവസം ഒരുവിവാഹത്തിന് പോകാനായി സ്വര്‍ണ്ണം നോക്കിയപ്പോഴാണ് അപഹരിക്കപ്പെട്ടത് മനസ്സിലാക്കിയത്. തുടര്‍ന്നാണ് ടൗണ്‍പോലീസില്‍ പരാതി നല്‍കിയത്. റിന്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ സ്വര്‍ണ്ണം എടുത്തതായി റിന്‍ഷ സമ്മതിച്ചിട്ടുണ്ട്. റിന്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
വാഹനാപകടത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗുരുതരനിലയിലായി ചികില്‍സയിലായതിനെ തുടര്‍ന്ന് ഒരുമാസം റിന്‍ഷയ്ക്ക് വന്‍തുക ആവശ്യമായി വന്നിരുന്നു. വേലയ്ക്ക് നില്‍ക്കുന്ന വീട്ടില്‍ സ്വര്‍ണ്ണം കണ്ടപ്പോള്‍ ആരുമറിയാതെ ഓരോന്നായി മോഷ്ടിച്ചു. കഴിഞ്ഞ ആറുമാസമായിട്ടും ഇതേക്കുറിച്ച് വീട്ടുകാര്‍ അറിയാതിരുന്നതിനാല്‍ ആവശ്യം വരുമ്പോഴൊക്കെ റിന്‍ഷ ഈ സ്വര്‍ണ്ണം എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം



No comments