ജോലിക്ക് ഹാജരാകാതിരുന്ന തളിപ്പറമ്പ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു.
തളിപ്പറമ്പ്: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.ശ്രീജിത്തിനെയാണ് 13 മുതല്‍ സസ്‌പെന്റ് ചെയ്തത്. നേരത്തെ മൂന്ന് തവണ മെമ്മോയും ഒരുതവണ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
കഴിഞ്ഞ മെയ് 26 മുതല്‍ അംഗീകാരം വാങ്ങാതെ അവധിയില്‍ തുടരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനും തയ്യാറായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ എട്ട് ദിവസവും ഫെബ്രുവരിയില്‍ 14 ദിവസവും മാര്‍ച്ചില്‍ 12, ഏപ്രിലില്‍ നാല്, മെയ്മാസം ആറ് ദിവസങ്ങളിലുമാണ് ജോലിക്ക് ഹാജരായത്. അവധിക്ക് അപേക്ഷകളും നല്‍കാറില്ല.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അസാന്നിധ്യം കാരണം നിരവധി കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. നഗര ഉപജീവനദൗത്യം, ശുചിത്വമിഷന്‍ നോഡല്‍ ഓഫീസര്‍ എന്നീ ചുമതലകളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തതെന്ന് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അറിയിച്ചു.



No comments