വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്ത ചെറുപുഴയിലെ ദന്തഡോക്ടര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷത്തോളം വിവാഹ വാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമയും കോഴിക്കോട് സ്വദേശിയുമായ ശ്യാംകുമാര്‍ എന്ന ഷാ മേനോന്‍(48)നെയാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം പരിയാരം പോലീസും ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട് വെച്ച് ഇന്നലെ രാത്രി പിടികൂടിയത്.
പരിയാരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പുകളായ ഐപിസി 376(ബലാല്‍സംഗം), 420(വഞ്ചന), 403, 406 എന്നിവയാണ് ഡോക്ടറുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും, ഇപ്പോഴാണ് ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഡോ.ഷാ മേനോനെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.



No comments