ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുടെ ചെവിമുറിഞ്ഞ സംഭവം;സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച
കണ്ണൂര്‍: മാടായി ഗ്രമപഞ്ചായത്തിലെ പഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ വച്ച് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുടെ ചെവി മുറിഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരതരമായ വീഴ്ചയെന്ന് ആരോപണം. ഒക്ടോബര്‍ 26നാണ് മുഹ്‌സിന എന്ന പെണ്‍കുട്ടിയുടെ ചെവിയുടെ ഒരുഭാഗം അറ്റുപോയ നിലയില്‍ രക്ഷിതാക്കള്‍ കണ്ടത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് ചെവിയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്.
ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും മുഹ്‌സിനയെ ആശുപത്രിയില്‍ കാണിക്കുകയോ മതിയായ ചികില്‍സ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സഹോദരന്‍ മൂസ പറഞ്ഞു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ ചെവി വൃത്തിയാക്കി വീട്ടിലേക്ക് അയച്ചു എന്നാണ് പറഞ്ഞത്. വാഹനത്തില്‍ നിന്നാണ് ചെവിയുടെ ഭാഗം കാണാതായതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും സഹോദരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ നിഷ എടമനയാകട്ടെ താന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞ് കൈമലര്‍ത്തി. മറ്റ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ചെവിവൃത്തിയാക്കി വീട്ടിലേക്ക് വിടാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടാണ് എന്നും പറഞ്ഞു. കുട്ടികള്‍ക്ക് പീഡന മുറകളാണ് സ്‌കൂളിനകത്ത് ഉണ്ടാകുന്നതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത എം.എസ്.എഫ് ഭാരവാഹികളും ആരോപിച്ചു.
മുഹ്‌സിനയെ കസേരയില്‍ കെട്ടിയിടുകയാണ് ചെയ്യാറ്. വീണുപോകുന്നതുകൊണ്ടാണെന്നാണ് വിശദീകരണം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ അടക്കം സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സമരവുമായി മുന്നോട്ടുപോകുമെന്നും എം.എസ്. ഭാരവാഹികള്‍ അറിയിച്ചു. ജംഷീര്‍ ആലക്കാട്, സമഹ്.പി.വി, സഫ്‌വാന്‍ പിലാത്തറ, തസ്ലിം അടിപ്പാലം, മുഹ്‌സിന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



No comments