APP DOWNLOAD

TRENDING

കെ.എം.ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.



കെ.എം.ഷാജിയെ സഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഹൈക്കോടതി വിധിയാണ് തങ്ങളുടെ മുന്നിലുള്ളതെന്നും സ്പീക്കര്‍ വിശദീകരിച്ചു. എം.എൽ.എ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് വാക്കാല്‍ സുപ്രീംകോടതി പറഞ്ഞത് തള്ളി സ്പീക്കര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ എംകെ മുനീര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം.ഷാജിയും പ്രതികരിച്ചിരുന്നു. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല. അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും ഷാജി ഡല്‍ഹിയില്‍ പ്രതികരിച്ചു.

വാക്കാലുളള നിര്‍ദേശം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നും പങ്കെടുക്കാനാകില്ലെന്നുമായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞ‍ത്. അപ്പീൽ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ.എം.ഷാജിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വാക്കാല്‍ നിര്‍ദേശം നല്കിയത്. തിരഞ്ഞെടുപ്പ് ഹർജികളിൽ സാധാരണയായി നൽകുന്ന നടപടി മാത്രമേ കെ.എം. ഷാജിയുടെ അപ്പീലിലും സാധ്യമാകുകയുളളൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സൂചിപ്പിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. എന്നാല്‍, ഇക്കാര്യം ഉത്തരവായി ഇറക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ല.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എം.എൽ.എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും തള്ളി. സാധാരണക്രമത്തിൽ മാത്രമേ കേസ് പരിഗണിക്കുകയുള്ളുവെന്നും വ്യക്‌തമാക്കി. നിയമസഭാ സമ്മേളനത്തിന് മുന്‍പ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എം.ഷാജി പ്രതികരിച്ചു.

No comments