APP DOWNLOAD

TRENDING

കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയെ എടുത്ത് കളയാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന് ടി. പത്മനാഭന്‍; ചില വാര്‍ത്തകൾ നാഷണല്‍ ന്യൂസ് ഏജന്‍സികള്‍ മറച്ചു വെച്ചു



പയ്യന്നൂര്: കുട്ടികള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്ന്  ഗാന്ധിജിയെ എടുത്ത് കളയാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സാഹിത്യകാരന്‍ ടി.പത്മനാഭന്‍.മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികാചരണമായ രക്തസാക്ഷ്യം പരിപാടിയോടനുബന്ധിച്ച് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടത്തിയ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ വെടിവെച്ച് കൊന്ന ഹിന്ദുത്വവാദിയുടെ കക്ഷിക്ക് പിന്നീട് ഇന്ത്യയുടെ ഭരണം ലഭിച്ചു.ഇതോടെ ഗാന്ധിജിയെ തഴയുന്നതിനും ഗോഡ്സേക്ക് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.ഗാന്ധിസമാധിയിലെ മാര്‍ബിള്‍ ഫലകങ്ങള്‍ തല്ലിത്തകര്‍ത്ത് മലമൂത്ര വിസര്‍ജനം നടത്തി അവിടം മലിനമാക്കി.ഡല്‍ഹി കോര്‍പറേഷന്‍ ഒരാഴ്ചത്തേക്ക് ഇവിടം അടച്ചിട്ടാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ മാറ്റിയത്.
നാഷണല്‍ ന്യൂസ് എജന്‍സികള്‍ ഈ വാര്‍ത്ത തമസ്‌കരിക്കുകയായിരുന്നു.ലോകത്ത് ഒരേയൊരു ഗാന്ധിമാത്രമേയുണ്ടായിരുന്നുള്ളു. ഗാന്ധിജിയെ ശാരീരികമായി മാത്രമേ ഇല്ലാതാക്കാന്‍ കഴിഞ്ഞുള്ളു.ഗാന്ധിജിയെന്ന വെളിച്ചത്തെ ഇല്ലാതാക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.ഇ.പി.രാജഗോപാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന മഹാത്മാഗാന്ധി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നഗരസഭ സ്ഥാപിച്ച പുതിയ ഗാന്ധിശില്‍പത്തിന്റെ അനാഛാദനവും മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.സി.കൃഷ്ണന്‍ എംഎല്‍എ, പി.കരുണാകരന്‍ എംപി, എം.കെ.രാഘവന്‍ എംപി, മുന്‍ എംഎല്‍എ കെ.പി.കുഞ്ഞക്കണ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments