APP DOWNLOAD

TRENDING

മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും മര്‍ദ്ദിച്ച് കൊള്ള നടത്തിയ സംഭവം; രണ്ട് പേരെ ബംഗാളില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന



കണ്ണൂര്: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ്എഡിറ്റര്‍ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കൊള്ള നടത്തിയ സംഘത്തിലെ രണ്ടുപേരെ ബംഗാളില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. അന്വേഷണ സംഘം ബംഗാളിലും ഡല്‍ഹിയിലും സംഭവം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ പ്രതികള്‍ എത്താനിടയുള്ള കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. നിര്‍ണായകമായ പുരോഗതി ഉണ്ടായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി അന്വേഷണോദ്യോഗസ്ഥനും ബംഗാളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളിലേക്കെത്തി എന്ന സൂചനയുണ്ടെങ്കിലും ക്രമങ്ങള്‍ മുഴുവന്‍ പാലിച്ച് എല്ലാപ്രതികളെയും വലയിലാക്കുന്നതുവരെ അറസ്റ്റിന് ഇനിയും ദിവസങ്ങളെടുത്തേക്കുമെന്നാണ് സൂചന. അന്വേഷണോദ്യോഗസ്ഥന്‍ സിറ്റി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും രണ്ടാഴ്ച മുമ്പാണ് ബംഗാളിലെത്തിയത്. നേരത്തെ ഒരു സംഘം ബംഗാള്‍ അതിര്‍ത്തിയിലും ഡല്‍ഹിയിലും എത്തിയിരുന്നു.
ഈ സംഘത്തിന് ലഭിച്ച നിര്‍ണായക സൂചനകളില്‍ നിന്ന് അന്വേഷണത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായാണ് സൂചന. താഴെ ചൊവ്വ തെഴുക്കിലെ പീടികയിലെ വിനോദ് ചന്ദ്രന്റെ വാടകവീട്ടില്‍ കൊള്ള നടന്ന ദിവസം ടവര്‍ ലൊക്കേഷനിലെ ഫോണ്‍ കോളുകള്‍ മുഴുവന്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും കൊള്ള നടത്തിയ നാലംഗ മുഖംമൂടിസംഘത്തിന്റെ നീക്കങ്ങള്‍ ലഭ്യമായതോടെ ഇവര്‍ക്കു പിന്നാലെതന്നെ കണ്ണൂര്‍ പോലീസുണ്ട്. കൊച്ചിയില്‍ സമാനമായി കവര്‍ച്ച നടത്തിയ ബംഗ്ലാദേശി സംഘത്തെ കൊച്ചി പോലീസ് ബംഗ്ലാദേശില്‍ നിന്ന് സമര്‍ത്ഥമായി പിടികൂടിയതിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളുമായി ഏതാനും ദിവസങ്ങള്‍ക്കകം പോലീസ് സംഘം കണ്ണൂരിലെത്തുമെന്നാണ് സൂചന. വിനോദ് ചന്ദ്രന്‍ താമസിക്കുന്ന വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഭാര്യയെയും വിനോദ് ചന്ദ്രനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം കവര്‍ന്ന അറുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രത്‌നാഭരണങ്ങളും ലാപ്‌ടോപ്പുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് കൊണ്ടുപോയത്. കേസില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് സൂചനയുള്ളപ്പോഴും കേസിന്റെ ഒരു കാര്യങ്ങളും മാധ്യമങ്ങള്‍ക്കു പോലീസ് നല്‍കുന്നുമില്ല. പ്രതികളെ പിടികൂടുമെന്ന് നേരത്തെ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നിര്‍ണായക ഘട്ടത്തിലാണെങ്കിലും അന്വേഷണ പുരോഗതിയെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

No comments