സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച അഗ്നിശമന സേന ഉദ്യാസ്ഥന് അശ്രുപൂജ
തലശ്ശേരി:ഫ്ലാറ്റിൽ അഗ്നി സുരക്ഷാ സംവിധാനം പരിശോധിക്കുന്നതിനിടയിൽ പൊട്ടിത്തെറിയിൽ പരിക്കേറ്റ് മരിച്ച തലശ്ശേരി ഫയർസ്റ്റേഷനിലെ ഹോം ഗാർഡ് Kമനോഹരന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് മൃതദേഹം തലശ്ശേരി ഫയർസ്റ്റേഷനിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചത്.
കഴിഞ്ഞ മാസം സെപ്തബർ 24 ന് സ്വകാര്യ ഫ്ലാറ്റിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഹോംഗാർഡ് ആയ മനോഹരന് അപകടത്തിൽ പരിക്കേറ്റത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ചയോടെ മരണപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച തലശ്ശേരിയിൽ എത്തിക്കുകയായിരുന്നു.
ലീഡിംങ്ങ് ഫയർ ഓഫീസർ സുജിത് കുമാർ , ജില്ലാ ഫയർ ഓഫീസർ രാംകുമാർ , സഹപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകൾ പെട്ട സ്ത്രീകൾ ഉൾപ്പെടെ ഉള്ള നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി കോടിയേരി പാറാലിലെ വീട്ടിൽ എത്തിച്ച ശേഷം വൈകിട്ടോടെ പഴയ ലോട്ടസ് ടാക്കീസ് പരിസരത്തെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.



No comments