APP DOWNLOAD

TRENDING

കോര്‍പ്പറേഷന്‍ വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശ വിവാദം ; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍



കണ്ണൂര്: കോര്‍പ്പറേഷന്‍ വാട്സാപ്പ് വിവാദത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവുമായ പി.പി ദിവ്യയും ഉള്‍പ്പെടുന്നു എന്നതരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിണാവ് മടക്കരയിലെ കയറ്റുകാരന്‍ വടക്കേപുരയില്‍ കെ.വി. ഷമീറി(36)നെയാണ് ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റു ചെയ്തത്. പൊളിറ്റിക്കല്‍ വോയ്സ് ഓഫ് മടക്കര എന്ന ഗ്രൂപ്പിലാണ് പി.പി.ദിവ്യയെയും കോര്‍പ്പറേഷന്‍ വാട്സാപ്പ് വിവാദവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയത്. സംഭവവുമായി ബന്ധവുമില്ലാതെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഗുരുതരമായ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പോസ്റ്റിട്ടിരുന്നത്. കുടുംബം തകര്‍ക്കുന്ന വിധത്തിലാണ് പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പി.പി.ദിവ്യ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐ.ടി ആക്ട് പ്രകാരം അപകീര്‍ത്തികരമായ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.

RELATED POST...
കോര്‍പറേഷന്‍ വാട്‌സ് ആപ് വിവാദം;കൗണ്‍സിലര്‍ക്കും വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെയും കേസ്


അന്വേഷണത്തില്‍ പോസ്റ്റിട്ടത് ഷമീറാണെന്ന് ബോധ്യമായതോടെയാണ് അറസ്റ്റ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തിയ ഒരു അശ്ലീല സന്ദേശമാണ് കോര്‍പ്പറേഷനിലെ വാട്സാപ്പ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സി.പി.എം ലോക്കല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലറാണ് അനാശാസ്യവും ആഭ്യന്തര കലഹവും പരാമര്‍ശിക്കുന്ന ഒരുമണിക്കൂറോളമുള്ള ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിലെയും ലീഗിലെയുമടക്കമുള്ള എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. തുടര്‍ന്ന് യു.ഡി.എഫിലെ സുമാ ബാലകൃഷ്ണന്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ മേയര്‍ക്കെതിരെയും ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. സി.പി.എം പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് മേയറെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്റെ ഉറവിടം. കോര്‍പ്പറേഷനിലെതന്നെ കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട സന്ദേശം. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചിരുന്നു. എന്നാല്‍ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെക്കൂടി സംഭവത്തിലുണ്ടെന്ന തരത്തിലാണ് ഷമീര്‍ പൊളിറ്റിക്കല്‍ വോയ്സ് ഓഫ് മടക്കര എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കര്‍ശനമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.

No comments