APP DOWNLOAD

TRENDING

പൊതു പ്രവര്‍ത്തകനെ എംഎല്‍എ ഭീഷണിപ്പെടുത്തിയതായി പരാതി; വധഭീഷണി മുഴക്കിയത് റോഡിന്റെ തകര്‍ച്ച ചൂണ്ടി കാട്ടി ഒപ്പ് ശേഖരണം നടത്തിയതിന്റെ പേരിലെന്ന് ആക്ഷേപം



തലശ്ശേരി: പൊതു പ്രവര്‍ത്തകനെ എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി റെയില്‍വെ മേല്‍പ്പാലത്തിനു സമീപം തലശ്ശേരി എം.എല്‍  എ  എ. എന്‍ ഷംസീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആക്ഷന്‍ ഫോറം കണ്‍വീനറും എസ്.ടി.യു നേതാവുമായ ചിറക്കര സ്വദേശി സത്താര്‍ മുരിക്കോളി പോലീസില്‍ പരാതി നല്‍കി. സംഗമം മേല്‍പ്പാലത്തിന്റെ വിള്ളലും നഗരത്തിലെ റോഡിന്റെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി ഒപ്പു ശേഖരണം നടത്തുകയും ഒരു ദിവസം മേല്‍പ്പാലത്തിനു സമീപം കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തതിന്റെ പേരിലാണ് തനിക്കുനേരെ എം. എല്‍. എ വധഭീഷണി മുഴക്കിയതെന്ന് സത്താര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച രാത്രി മേല്‍പ്പാലത്തിലെ വിള്ളലുകള്‍ പി.ഡബ്ലു.ഡി ജീവനക്കാര്‍ അടക്കുന്ന ജോലി ചെയ്യുന്നതിനിടയിലാണ് ഇതു വഴി കാറില്‍ വരികയായിരുന്ന എം. എല്‍. എയും മറ്റൊരാളും വാഹനം നിര്‍ത്തി വധഭീഷണി ഉയര്‍ത്തിയതത്രെ.
കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും നിന്നെ കൊന്ന് റെയില്‍വെ ട്രാക്കിലിട്ടാല്‍ ആരും ചോദിക്കില്ലെന്നും, മക്കള്‍ക്ക് ഉപ്പയുണ്ടാവില്ലെന്നും ഭീഷണി ഉയര്‍ത്തിയത്രെ. ഇനി പൊതു പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്നും എം. എല്‍. എ പറഞ്ഞതായും സത്താര്‍ പരാതിപ്പെടുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരക്ഷണം തരണമെന്നും അതോടൊപ്പം എന്ത് സംഭവിച്ചാലും ഉത്തരവാധി എം.എല്‍.എ ആയിരിക്കുമെന്നും മുരിക്കോണി സത്താര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തലശ്ശേരി സംഗമം മേല്‍പ്പാലത്തിലെ വിളളലുകള്‍ താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി വിള്ളലുകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ തടസ്സം സൃഷ്ടിച്ചിരുന്നു. നിരവധി ചെറിയ അപകടങ്ങളും പതിവു സംഭവമായി. ഇതെ തുടര്‍ന്ന് പൊതു പ്രവര്‍ത്തകരും മറ്റും നിരവധി പരാതികള്‍ പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കും നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. മേല്‍പ്പാലത്തില്‍ വലിയ വിള്ളലുകള്‍ നഗരത്തിലെ വന്‍ ഗതാഗതക്കുരുക്കിനുകാരണമായി. ഒരു വര്‍ഷം മുന്‍പാണ് പൊതുമരാമത്ത് മേല്‍പ്പാലത്തിലെ വിള്ളലുകള്‍ അടച്ചത്. മാസങ്ങള്‍ക്കുശേഷം അടച്ച ഭാഗങ്ങള്‍ വീണ്ടും വലിയ ഗര്‍ത്തങ്ങളായി. ഇപ്പോള്‍ വിള്ളലുകളില്‍ ജി.ഐ ഷീറ്റു വിരിച്ച് ഷെല്‍മാര്‍ക്ക് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഗര്‍ത്തങ്ങള്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയിലെ പൊതു പ്രവര്‍ത്തകനായ സത്താര്‍ മുരിക്കോളി ഇവിടെ ധര്‍ണ്ണ സമരം നടത്തിയിരുന്നു.

No comments