APP DOWNLOAD

TRENDING

പെരുമ്പാവൂര്‍ സ്വദേശിയായ വ്യപാരിയെ തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍: പുതിയതെരുവിൽ നിന്നായിരുന്നു വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്; പ്രതികൾ വിവിധ കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടവര്‍



കണ്ണൂര്: ദിവസങ്ങള്‍ക്കു മുമ്പ് പെരുമ്പാവൂര്‍ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം എ.ടി.എമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് അഞ്ചുലക്ഷം രൂപ പിന്‍വലിപ്പിച്ച് തട്ടിയെടുത്ത കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. കണ്ണാടിപ്പറമ്പ് പുളിക്കല്‍ ഹൗസിലെ പി.റയീസ്, മൊടയന്റവിടെ സന്ദീപ്, പുല്ലുപ്പിച്ചര്‍ച്ചിലെ ചാലില്‍ ഹൗസില്‍ കെ.റനില്‍ എന്നിവരെയാണ് എസ്.ഐ. ശ്രീജിത് കോടേരിയും സംഘവും പിടികൂടിയത്. കഞ്ചാവ് കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ട മൂന്ന് പേരെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ വ്യാപാരി മുഹമ്മദ് അഷ്റഫിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നത്.
കണ്ണൂരില്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തിയ വ്യാപാരി മെറിഡിന്‍ പാലസ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. വ്യാപാരിയെ സൂത്രത്തില്‍ കബളിപ്പിച്ച് പുതിയതെരുവില്‍ എത്തിച്ച സംഘം അവിടെ നിന്നാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. കാറില്‍ കണ്ണാടിപ്പറമ്പ് ഭാഗത്ത് കറങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭയന്നുപോയ വ്യാപാരിയെ തുടര്‍ന്ന് വിവിധ എ.ടി.എമ്മുകളില്‍ എത്തിച്ച് പണം പിന്‍വലിപ്പിക്കുകയായിരുന്നു. റാഡോ വാച്ചും സംഘം അഴിച്ചുവാങ്ങി. പരിക്കേറ്റ വ്യാപാരി തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ടൗണ്‍പോലീസ് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം മൂന്നുപേരെയും കുടുക്കി.

No comments