സുപ്രീം കോടതി വിധി അധാർമ്മികതയിലേക്ക് മനുഷ്യനെ തള്ളിവിടും: കാന്തപുരം
വളപട്ടണം: പുതിയ സുപ്രീം കോടതി വിധി
അധാർമ്മികതയിലേക്ക് മനുഷ്യനെ തള്ളിവിടുമെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വിവാഹേതര ലൈംഗീക ബന്ധങ്ങൾ വളരെ നീചവും പൈശാചികവുമാണ്. അധാർമ്മികതയിലേക്ക് മനുഷ്യനെ തള്ളി നീക്കുന്ന നിയമങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാർക്ക് ശബ്ദമുയർത്താൻ സാധിക്കാത്ത അവസ്ഥയാണ്. മാതാപിതാക്കളെന്നോ മക്കളെന്നോ വേർതിരിവില്ലാതെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലേക്ക് നിങ്ങി മനുഷ്യൻ മൃഗത്തിന് തുല്യമാവും.സമൂഹം ഒറ്റക്കെട്ടായി നമ്മുടെ സംസ്കാരം നിലനിർത്താൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി. വളപട്ടണം കുന്നത്ത് പള്ളി മഖാം ഉറൂസിൽ മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് സഅദുദ്ദീൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ ഉദ്ഘാടനം ചെയ്തു.മഗ്രിബ് നിസ്ക്കാരാനന്തരം വളപട്ടണം ടാക്സി സ്റ്റാന്റ് പരിസരത്ത് നിന്ന് കുന്നത്ത് പള്ളി മഖാമിലേക്ക് പൈതൃക യാത്രയായി കാന്തപുരത്തെ ആനയിച്ചു.
ഖാളി സയ്യിദ് അഹ്മ്മദ് ജലാലുദ്ദീൻ ബുഖാരി,സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ശിഹാബ് തങ്ങൾ കമ്മക്കോത്ത്, സയ്യിദ് ശാഫി ബാ അലവി, ഹാമിദ് മാസ്റ്റർ ചൊവ്വ, അബ്ദുറഷീദ് ദാരിമി, അബ്ദുള്ളക്കുട്ടി ബാഖവി, നിസാർ അതിരകം, മുഹമ്മദുൽ ബാഖവി, മുഹിയുദ്ദീൻ സഖാഫി മുട്ടിൽ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, ഇബ്റാഹിം ഹാജി, കെ.വി ഷക്കീൽ, ജമാൽ മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് മഖാം ഉറൂസിന് തുടക്കം കുറിച്ച് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ സാനി പതാക ഉയർത്തി. ഉറൂസ് ഒക്ടോബർ അഞ്ചിന് സമാപിക്കും.



No comments