തായിനേരി എസ്എഎംബിടി സ്കൂളിൽ എംഎസ്എഫ് -എസ്എഫ്ഐ സംഘർഷം: നഗരസഭാ വനിതാ കൗൺസിലറെ വീടുകയറി അക്രമിച്ചതായി പരാതി
പയ്യന്നൂർ: നഗരസഭാ വനിതാ കൗൺസിലറെ വീടുകയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ പയ്യന്നൂർ നഗരസഭ 33-ാം വാർഡ് കൗൺസിലർ എ.കെ. ഷമീമയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലുണ്ടായ എംഎസ്എഫ് -എസ്എഫ്ഐ സംഘർഷത്തെത്തുടർന്ന് കൗൺസിലറെ വീടുകയറി മർദ്ദിച്ചെന്നാണ് പരാതി. തായിനേരി എസ്എബിടിഎം സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമ കാരണമെന്നറിയുന്നു.
ഈ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഷമീമയുടെ മകൻ ഷഹബാസും (19) ഇതേ സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സുഫൈത്തും(17) എസ്എഫ്ഐ വിദ്യാർഥികളുമായി ഇന്ന് രാവിലെ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് വൈകീട്ട് എസ്എഫ്ഐ ,ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നെന്ന് ഷമീമ പറയുന്നു. സംഭവത്തെെ തുടർന്ന്ഇവർ മൂന്നു പേരും പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
അതേ സമയം കഴിഞ്ഞ ദിവസം രാത്രി തങ്ങളുടെ കൊടിമരത്തിന് എംഎസ്എഫ് പ്രവർത്തകർ പച്ച പെയിന്റടിച്ച് വികൃതമാക്കിയെന്നും ഇതേപറ്റി ചോദിക്കാൻ ചെന്ന തങ്ങളെ ഇവർ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകരും പറയുന്നു.മർദ്ദനമേറ്റ എസ്എഫ്ഐ പ്രവർത്തകരായ കെ. നവനീത്, ഇ.അനുരാഗ് എന്നിവരെ പയ്യന്നൂർ സഹകര ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.




No comments