APP DOWNLOAD

TRENDING

സ്‌കൂൾ കലോൽസവം ആലപ്പുഴയിൽതന്നെ ; ശാസ്‌ത്രോൽസവം കണ്ണൂരിൽ



തിരുവനന്തപുരം> സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ  ആലപ്പുഴയിൽ തന്നെ നടത്താൻ കലോത്സവ മാന്വൽ  കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രളയ പശ്ചാതലത്തിൽ ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കിയുള്ള കലോത്സവത്തിന് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി പകരം ഭക്ഷണ ചുമതല കുടുംബശ്രീക്ക‌് നൽകും. എൽപി, യുപിതല മത്സരങ്ങൾ  സ്കൂൾ തലത്തിൽ ഒതുക്കും. ഉപജില്ലാ, ജില്ലാ കലോത്സവങ്ങൾ രണ്ടു ദിവസത്തിലൊതുക്കും.  സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള, ശാസ്േത്രാത്സവം, സ്പെഷ്യൽ സ്കൂൾ കലോത്സവം എന്നിവയുടെ തീയതി സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിൽ തീരുമാനമെടുക്കുമെന്നും മാന്വൽ പരിഷ്ക്കരണ യോഗതീരുമാനങ്ങൾ വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

കായികമേള ഒക്ടോബർ  തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറിൽ കണ്ണൂരിലും സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടത്തും. ശാസ്ത്രോത്സവത്തിലും എൽപി, യു.പിതല മത്സരങ്ങൾ സ്കൂൾ തലത്തിൽ മാത്രമാക്കും. കലോത്സവത്തിൽ പ്രധാന പന്തൽ ഒഴിവാക്കും. വിജയികൾക്ക് വ്യക്തിഗത ട്രോഫികൾ ഉണ്ടാകില്ല. കലോത്സവ ദിവസങ്ങളുടെ എണ്ണം കുറക്കുന്നതും പരിശോധിക്കും. വേദികളുടെ എണ്ണം കൂട്ടി മത്സരങ്ങൾ രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കാനും ശ്രമം നടത്തും. കലോത്സവം, കായിക മേള എന്നിവയുടെ ഇനങ്ങൾ വെട്ടികുറക്കില്ല. വിജയികൾക്ക് ഗ്രേസ് മാർക്കും നൽകും.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കായികാധ്യാപകർക്ക് ഓണറേറിയം കുറക്കുയ‌്ക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

No comments