പതിനാലുകാരനായ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച സംഭവം;പ്രതിയുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇരുന്നൂറോളം പീഡന ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു
കണ്ണൂര്: പതിനാലുകാരനായ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത വ്യാജ ഫുട്ബോള്‍ കോച്ചിനെതിരെ രണ്ടുപരാതികള്‍ കൂടി ടൗണ്‍ പോലീസില്‍ ലഭിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് ഒളവണ്ണ സ്വദേശിയും കണ്ണൂര്‍ തെക്കി ബസാറിലെ ലോഡ്ജില്‍ താമസക്കാരനുമായ ഫസല്‍ റഹ്മാ(36)നെതിരെ പോക്സോ നിയമപ്രകാരം രണ്ടുകേസുകള്‍ കൂടി ടൗണ്‍ പോലീസ് ചുമത്തി. ഇതോടെ ഫസല്‍ റഹ്മാനെതിരെ കേസുകള്‍ മൂന്നായി. നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കാനൊരുങ്ങുന്നതായി സൂചനയുണ്ട്. ഫുട്ബോള്‍ പരിശീലനത്തിന്റെ പേരില്‍ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും വലയിലാക്കി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു രീതി. കഴിഞ്ഞ ദിവസം പതിനാലുകാരനെ മുറിയില്‍ കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചിരുന്നു. കുട്ടി രക്ഷിതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. പരാതിയില്‍ പോക്സോ നിയമപ്രകാരം ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ കൂടി പരാതി നല്‍കിയതോടെ പോലീസ് ഫസല്‍ റഹ്മാനെതിരെ രണ്ടുകേസുകള്‍ കൂടി എടുത്തു. നേരത്തെ ഗള്‍ഫിലായിരുന്ന ഫസല്‍ റഹ്മാന്‍ കണ്ണൂരിലെ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ജസീറ എന്നപേരില്‍ ഒരു ഫുട്ബോള്‍ ക്ലബ്ബ് ഉണ്ടെന്നും അതിന്റെ പരിശീലകനാണ് താനെന്നും തെറ്റിദ്ധരിപ്പിച്ച് ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ കുട്ടികളുമായി അടുപ്പമുണ്ടാക്കിയത്. കൂടുതല്‍ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പതിനഞ്ച് കുട്ടികളെ കണ്ണൂരില്‍ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. നേരത്തെ ദുബായിലായിരുന്നപ്പോള്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ള ഫസല്‍ റഹ്മാന്‍ തലശ്ശേരി ധര്‍മ്മടത്ത് സമാനമായ കേസില്‍ പിടിയിലായി എട്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. അടുത്തകാലത്ത് പുറത്തിറങ്ങിയ ശേഷം രണ്ടുമാസം മുമ്പാണ് കണ്ണൂരിലെത്തിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പെന്‍ഡ്രൈവില്‍ സൂക്ഷിച്ചുള്ള ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. ഇരുന്നൂറോളം ക്ലിപ്പിംഗുകളാണ് പോലീസിന് ലഭിച്ചത്. ഏറ്റവും കടുത്ത ലൈംഗികാതിക്രമമാണ് ഫസല്‍ റഹ്മാന്‍ കുട്ടികള്‍ക്കു നേരെ നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായി പോലീസ് പറഞ്ഞു. ടൗണ്‍ സി.ഐ രത്നകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജിത് കോടേരി ഉള്‍പ്പെടുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്. അറസ്റ്റിലായ ഫസല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
No comments