APP DOWNLOAD

TRENDING

വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച അരി ക്ലബ് ഓഫീസിലേക്ക് മാറ്റി തിരിമറി ;വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട അരി ക്ലബ്ബ് ഓഫീസില്‍

പയ്യന്നൂര്‍: വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച അരി ക്ലബ് ഓഫീസിലേക്ക് മാറ്റി തിരിമറി നടത്തിയ സംഭവം വിവാദത്തില്‍. തായിനേരി എസ്എഎംബിടി സ്‌കൂളുമായി ബന്ധപ്പെട്ട് നടന്ന തിരിമറിയാണ് വിവാദത്തിലായത്. ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ എട്ട് ക്വിന്റല്‍ അരിയാണ് ഈ സ്‌കൂളിന് അനുവദിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ആഗസ്ത് 18ന് ലഭിച്ച അരി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാതെ ദുരിതാശ്വാസ ക്യാമ്പില്‍ നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതിന് രണ്ട് ക്ലബ്ബുകളെയാണ് അധികൃതര്‍ ഏല്‍പ്പിച്ചത്. നാല് ക്വിന്റല്‍ അരിവീതം ക്ലബ്ബുകള്‍ക്ക് നല്‍കിയതില്‍ ഒരു ക്ലബ്ബിന് ലഭിച്ച അരി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാതെ സ്‌കൂളിന് സമീപത്തെ ക്ലബ്ബിന്റെ ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സംഭവം പുറത്തായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ട ക്ലബ്ബ് ഓഫീസില്‍നിന്നും അരി തിരിച്ചെടുപ്പിക്കുകയായിരുന്നു. ഓണം അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോഴാണ് ക്ലബ്ബ് നടത്തിപ്പുകാര്‍ അരി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചില്ലെന്ന് മനസിലായതെന്നും ഇതേ തുടര്‍ന്ന് ക്ലബ്ബില്‍നിന്നും അരി തിരിച്ചെടുപ്പിച്ചെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ക്ലബ്ബില്‍ സൂക്ഷിച്ചിരുന്ന അരി പത്ത് ദിവസമായിട്ടും ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാതിരുന്നതിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനേല്‍പ്പിച്ച സര്‍ക്കാരിന്റെ അരി വിതരണം ചെയ്യാന്‍ ക്ലബ്ബുകളെ ഏല്‍പ്പിച്ച നടപടിയേയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു. പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യാനെത്തിച്ച അരി ദുരിതാശ്വാസ ക്യാമ്പിലേക്കെന്ന് പറഞ്ഞ് ഇത്തരത്തില്‍ കൊണ്ടുപോയതായും സൂചനകളുണ്ട്.

No comments