മാധ്യമ പ്രവര്‍ത്തകന്റെ വാഹനം കത്തിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; വാഹനം കത്തിച്ചത് ആര്‍എസ്എസിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന്
പയ്യന്നൂര്:മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തെ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ പതിനൊന്ന് മാസത്തിന് ശേഷം രണ്ട് പേര്‍ അറസ്റ്റില്‍.ആര്‍എസ്എസ് പ്രവര്‍ത്തകരായ കോറോം സ്വദേശിയും മമ്പലത്തെ താമസക്കാരനുമായ പുതിയ പുരയില്‍ ഷിനു(30),രാമന്തളി വടക്കുമ്പാട് സ്വദേശി കണ്ണോത്ത് സനീഷ് എന്ന കുട്ടന്‍(29)എന്നിവരാണ് അറസ്റ്റിലായത്. മലബാര്‍ ഫ്ളാഷ് സായാഹ്ന പത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ ബി.സന്തോഷ് കുമാറും കുടുംബവും താമസിക്കുന്ന കൊക്കാനിശ്ശേരി മാരാര്‍ജി മന്ദിരത്തിന് സമീപത്തെ വീട്ട മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്.2017 ഒക്ടോബര്‍ 20ന് രാത്രി 11.15നാണ് സംഭവം.
സഹോദരനും പയ്യന്നൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റി തായിനേരി ബ്രാഞ്ച് മാനേജരുമായ ബി.മനോജ് കുമാറിന്റെ മൂന്ന് മാസം മാത്രം പഴക്കമുള്ള കെഎല്‍ 59 ക്യു 2184 ആക്ടീവ സ്‌കൂട്ടറാണ് അഗ്‌നിക്കിരയാക്കിയത്. സ്‌കൂട്ടറില്‍നിന്നും ആളിപ്പടര്‍ന്ന തീയില്‍ സമീപത്തെ ജനലിന് തീപിടിച്ച് ഗ്ലാസുകള്‍ പെട്ടിത്തെറിച്ചിരുന്നു.ഇതോടെ മുറിക്കകത്തേക്ക് തീയും പുകയും ചൂടുമെത്തിയപ്പോഴാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സന്തോഷ് കുമാറിന്റെ കുടുംബം പുറത്ത് തീകത്തുന്നതറിഞ്ഞത്.സ്‌കൂട്ടറില്‍ നിന്നും വീട്ടിലേക്കും തീ പടര്‍ന്നിരുന്നതിനാല്‍ ഫയര്‍ഫോഴ്സും പോലീസുമെത്തിയാണ് തീയണച്ചത്.അപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ രണ്ടുഗേറ്റുകളും പൂട്ടിയിട്ട നിലയിലായിരുന്നു.ഈ വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ തകരാറിലായിരുന്നതിനാല്‍ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.ഒടുവില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ വിദഗ്ധമായി പ്രതികളെ പിടികൂടിയത്.
സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു ജോഡി ചെരുപ്പും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും മാത്രമാണ് പോലീസിന് ലഭിച്ചത്. ടവര്‍ ലൊക്കേഷനില്‍നിന്നും ലഭിച്ച പതിനായിരത്തോളം കോളുകള്‍ പരിശോധിച്ചതില്‍നിന്നും സംശയകരമായി കണ്ടെത്തിയ പത്ത് ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനൊടുവിലാണ് ഷിനുവിനെ കണ്ടെത്തിയത്.ഇന്നലെ രാത്രി ഷിനുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ സനീഷിനെപറ്റി പോലീസിന് വിവരം ലഭിച്ചത്.ഇതേ തുടര്‍ന്നാണ് ഇയളെയും പിടികൂടിയത്.സന്തോഷ് നടത്തുന്ന മലബാര്‍ ഫ്ളാഷ് പത്രത്തില്‍ ആര്‍എസ്എസിനെതിരെ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നതിനാലാണ് ഇയാളുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറിന് തീവെച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ പറഞ്ഞു.



No comments