APP DOWNLOAD

TRENDING

അമ്പത് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പത്ത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് ദേഹമാസകലം പൊള്ളിച്ചു; കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച അമ്മയോട് കോടതി മുമ്പാകെ ഹാജരാന്‍ ഉത്തരവ്




തലശ്ശേരി: അമ്മയുടെ അമ്പത് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പത്ത് വയസ്സുകാരനെ ചട്ടുകം വെച്ച് ദേഹമാസകലം പൊള്ളിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ച അമ്മയോട് കോടതി മുമ്പാകെ ഹാജരാന്‍ ഉത്തരവ്. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജ് ടി.ഇന്ദിയാണ് പെരിങ്ങോം മാതമംഗലം പുത്തൂര്‍ കുഴിക്കാട് രാജന്റെ ഭാര്യ രേണുകയോട് കോടതി മുമ്പാകെ ഹാജരാകന്‍ ഉത്തരവിട്ടത്.
അമ്മയോട് കുട്ടിക്ക് പരാതിയില്ലെന്നും ഭര്‍തൃ മാതാവോട് പ്രതിക്കുള്ള വിരോധം മൂലം കെട്ടിച്ചമച്ച കേസാണെന്നും പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.വിനോദ്കുമാര്‍ കോടതിയെ ബോധിപ്പിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടിയെ മാതാവ് സന്ദര്‍ശിക്കാറുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും പത്ത് വയസ്സുകാരനായ കുട്ടിയെ ദേഹമാസകലം പൊള്ളിച്ച പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി ശശീന്ദ്രന്‍ കോടതിയില്‍ വാദിച്ചു. അമ്മയും മകനും തമ്മില്‍ ഏറെ സ്‌നഹമുണ്ടെങ്കില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്ന കുട്ടി എന്ത് കൊണ്ട് വീട്ടിലേക്ക് പോകാന്‍ സന്നദ്ധനാകുന്നില്ലെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രൊസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് പ്രതിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം. രേണുകയുടെ മാതാവ് സൂക്ഷിച്ചിരുന്ന 50 രൂപ കാണാതായതിനെ തുടര്‍ന്ന് രേണുക മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോകുകയും പ്ലാസ്റ്റിക് ഉരുകി തെറിച്ച് പൊള്ളലേറ്റതാണെന്നും രേണുക ഡോക്ടറോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും നാട്ടു വൈദ്യന്റെ അടുത്തേക്കാണ് അമ്മ കുട്ടിയെ കൊണ്ട് പോയിരുന്നത്. തുടര്‍ന്ന് രേണുകയുടെ ഭര്‍ത്ൃ മാതാവ് സംഭവം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് വരികയാണ്

No comments