പ്രളയ ദുരിതത്തിനൊപ്പം യാത്രാദുരിതവും;പൊതുഗതാഗതം നിശ്ചലമാകുന്നു
കണ്ണൂര്: കേരളത്തില്‍ പെയ്യുന്ന മഴയുടെ രൂക്ഷത കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമര്‍ദം കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.അതേസമയം, കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആലുവ, പത്തനംതിട്ട ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്.വെള്ളം കയറിയ പലയിടത്തെയും ജലനിരപ്പ് കുറയുന്നുണ്ട്. ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2402.35 അടിയെത്തി. ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടില്‍നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
അതേസമയം മൂന്നാര്‍ നഗരം പൂര്‍ണമായും ഒറ്റപ്പെട്ടു.ഒരാഴ്ചയായി തുടരുന്ന കനത്തമഴക്ക് ചില ജില്ലകളിലെങ്കിലും നേരിയ കുറവുകളുണ്ടെങ്കിലും ദുരിതങ്ങള്‍ക്ക് ഒട്ടും കുറവില്ല.
മണ്ണിടഞ്ഞും വെള്ളംകയറിയും സംസ്ഥാനത്തെ മിക്കവാറും റോഡുകളെല്ലാം താറുമാറായിരിക്കയാണ്. വ്യാഴാഴ്ച മുതല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകളും താളംതെറ്റികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വളരെ നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് നടത്താന്‍ കഴിയുന്നത്.വെള്ളപ്പൊക്കത്തിന് പുറമെ ഇന്ധന ക്ഷാമവും സര്‍വീസുകളെ ബാധിക്കുന്നുണ്ട്. റോഡുകള്‍ തകര്‍ന്നതും വെള്ളപ്പൊക്കവും മൂലം പമ്പുകളിലേത്ത് ഇന്ധനം എത്തുന്നില്ല. ഇതു മൂലം മഴ കുറവുള്ള സ്ഥലങ്ങളില്‍ പോലും ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനക്ഷാമമില്ലെന്ന് അധികൃതര്‍ അറിയിച്ചു.കേരളത്തിലെ കെ.എസ്.ആര്‍.ടി സിയുടെ പല ഡിപ്പോകളും പൂര്‍ണമായി വെള്ളത്തിലാണ്. ഇവിടങ്ങളിലെ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
പല ഡിപ്പോകളിലും ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പൂര്‍ണമായും തകരാറിലാണ്. ഇത് കാരണം ഇവിടങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കയാണ്. സര്‍വീസുകള്‍ പുന:സ്ഥാപിക്കാനും ഉള്ള വലിയ വെല്ലുവിളി ഇതാണ്. ഇതിനിടയിലും സര്‍വീസ് നടത്തിയ പല സ്ഥലങ്ങളിലും ബസ്സുകള്‍ വഴിയില്‍ കുടുങ്ങി കിടക്കുകയാണ്.ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും പൂര്‍ണമായും നിലച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയതൊഴിച്ചാല്‍ തെക്കല്‍ ജില്ലകളിലേക്കും വടക്കന്‍ജില്ലകളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി.യുടെ തെക്കന്‍ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകള്‍ കഴിഞ്ഞദിവസം പാലക്കാട്ട് ഓട്ടം അവസാനിപ്പിച്ചിരുന്നു.
കെ.എസ്.ആര്‍.ടി.സി സൗത്ത് സോണില്‍ മഞ്ഞപ്പള്ളി, റാന്നി, പദ്ധളം എന്നീ ഡിപ്പോകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയിലെ ഡിപ്പോകളിലേക്കുള്ള ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു. ചുരുക്കം പ്രാദേശിക സര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സെന്‍ട്രല്‍ സോണില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ കോട്ടയം ജില്ലകളിലെ വലിയ വിഭാഗം ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. മിക്കവാറും പ്രധാന റോഡുകള്‍ ബ്ലോക്കാണ്. എറണാകുളം ആലപ്പുഴ നിരവധി ബസ്സുകളാണ് വഴിയില്‍ കുടുങ്ങി കിടക്കുന്നത്. നോര്‍ത്ത് സോണില്‍ കണ്ണൂര്‍-വടകര മേഖലയിലെ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്.
വയനാട്ടിലേക്കുള്ള സര്‍വീസുകളും വയനാട്ടിലെ പ്രാദേശിക സര്‍വീസുകളും പൂര്‍ണമായും നിലച്ചു. പല ഡിപ്പോകളിലും ജില്ലാ ഭരണകൂടം പൂര്‍ണമായ പിന്തുണ തന്നാല്‍ മാത്രമേ സര്‍വീസ് തുടരുകയുള്ളു എന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. സ്വകാര്യ സര്‍വീസുകളും നിലച്ചതോടെ പല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വലിയ ധാരണയില്ല.
എറണാകുളം വഴിയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നാളെ വൈകിട്ട് നാലു മണിവരെ റദ്ദാക്കി. ട്രെയിന്‍ ഗതാഗതം നിലച്ചതോടെ യാത്രാ ദുരിതം ഇരിട്ടിയായി. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് റെയില്‍വേ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. മറ്റ് ദീര്‍ഘദൂര
സര്‍വ്വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ നാളെ വൈകിട്ട് മാത്രമേ തീരുമാനമുണ്ടാകൂ.



No comments