പയ്യന്നൂർ പഴയ ബസ്റ്റാന്റിലെ റൂറൽ ബാങ്ക് കെട്ടിടം, കൈരളി ഹോട്ടൽ, ശ്രീലക്ഷ്മി ജ്വല്ലറി എന്നിവിടങ്ങളിൽ കവർച്ച ശ്രമം; സിസിടിവി ക്യാമറ അടിച്ചുതകർത്ത നിലയിൽ
പയ്യന്നൂര്: പഴയ ബസ്റ്റാന്റിന് സമീപത്തെ റൂറല്‍ ബാങ്ക് കെട്ടിടത്തിലും ഇതേ കെട്ടിടത്തിലെ കൈരളി ഹോട്ടലിലും റോഡിനെതിര്‍വശത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിലും കവര്‍ച്ചാ ശ്രമം. ബാങ്കിലേയും ഹോട്ടലിലേയും കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടു. ജ്വല്ലറിയിലെ പത്തായിരം രൂപയോളം വില വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ഇന്നലെ രാത്രി 11.30ഓടെയാണ് കവര്‍ച്ച നടന്നതെന്നാണ് ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍ നിന്നും മനസ്സിലാകുന്നത്. റൂറല്‍ ബാങ്കിന്റെ ഹെഡ് ഓഫീസ്,സായാഹ്ന ശാഖ,നീതി മെഡിക്കല്‍സ്,ബുക്ക് സ്റ്റാള്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ക്കാനുള്ള കവര്‍ച്ചക്കാരുടെ ശ്രമമാണ് പരാജയപ്പെട്ടത്. പൂട്ട് ഇടിച്ച് ചളുക്കിയ നിലയിലാണ്.
ഈ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബാങ്കിന്റെ നിരീക്ഷണ കാമറ അടിച്ച് തകര്‍ത്ത നിലയിലാണ്. റോഡിനെതിര്‍വശത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുമ്പോള്‍ ഈ ക്യാമറയില്‍ പതിയാതിരിക്കാനാണ് നിരീക്ഷണ കാമറ തകര്‍ത്തതെന്നാണ് അനുമാനം. ഇന്ന് രാവിലെയാണ് കവര്‍ച്ചാ ശ്രമം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.ജ്വല്ലറിയുടെ പിന്നിലെ രണ്ട് വാതിലുകളും കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്.സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംങ്ങ് റൂം തുറക്കാന്‍ കഴിയാത്തതിനാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായില്ല. ജ്വല്ലറിയിലുണ്ടായിരുന്ന പത്തായിരം രൂപയോളം വിലവരുന്ന വെള്ളിയാഭരണങ്ങളാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയതെന്ന് ജ്വല്ലറി ഉടമ പറയുന്നു. കൈരളി ഹോട്ടലിന്റെ പിന്നിലെ ഷട്ടര്‍ തുറന്ന കവര്‍ച്ചക്കാര്‍ അകത്തെ വാതിലിന്റെ പൂട്ട് ഇളക്കി പറിച്ച് അതിനകത്ത് കടന്നെങ്കിലും സാധനങ്ങളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കെ.വിനോദ്കുമാറിന്റെയും എസ്. ഐ കെ.പി.ഷൈനിന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘം സി.സി.ടിവി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.



No comments