ചെറുപുഴ-പാമ്പൻകല്ല്–മുളപ്ര റോഡിൽ ടാറിങ് തകർന്ന നിലയിൽ: വിണ്ടു കീറി നശിക്കുന്നത് രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച റോഡ്
ചെറുപുഴ ∙ പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയിൽ രണ്ടരക്കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച റോഡ് വിണ്ടുകീറി നശിക്കുന്നു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ചെറുപുഴ - പാമ്പൻകല്ല് - മുളപ്ര റോഡിന്റെ ടാറിങ് ചെയ്ത ഭാഗമാണ് വിണ്ടുകീറി നശിക്കുന്നത്. ഉത്സവാന്തരീക്ഷത്തിൽ കഴിഞ്ഞ ഫെബ്രുവരി 27നു പി.കരുണാകരൻ എംപിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യ വേനൽമഴയിൽ തന്നെ റോഡിന്റെ ചില ഭാഗങ്ങൾ ഒഴുകിപ്പോകാൻ തുടങ്ങിയിരുന്നു.കാലവർഷം കനത്തതോടെ റോഡിന്റെ ടാറിങ് ചെയ്ത ഭാഗം വീണ്ടും വീണ്ടുകീറി താഴാൻ തുടങ്ങി.
വിണ്ടുകീറിയ ഭാഗത്തിനു സമീപത്തു നിന്നു കല്ല് പൊട്ടിച്ചു നിർമാണത്തിന് ഉപയോഗിച്ചിരുന്നു. പിന്നീട് ഇവിടം മണ്ണിട്ടുനികത്തിയാണ് റോഡ് ടാറിങ് നടത്തിയത്. കാലവർഷം കനത്തതോടെ മണ്ണ് താഴ്ന്നതാണ് റോഡിന്റെ തകർച്ചയ്ക്കു കാരണമായത്. അശാസ്ത്രീയമായാണ് റോഡ് നിർമിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടും ഇതേക്കുറിച്ചു കാര്യമായ അന്വേഷണം ഒന്നും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് 2.86 കിലോമീറ്റർ ദൂരം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ അനുമതി ലഭിച്ചത്.
എന്നിട്ടും ഇതു വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഒത്തുകളി മൂലമാണെന്നു പരക്കെ ആക്ഷേപമുണ്ട്. നിർമാണ വേളയിൽ തന്നെ പല ഭാഗങ്ങളിലും ആവശ്യമായ പാർശ്വഭിത്തിയോ, ഓവുചാലോ നിർമിക്കാത്തതാണ് റോഡിന്റെ വശങ്ങൾ ഇടിയാനും വെള്ളം റോഡിലൂടെ ഒഴുകാനും കാരണമായത്. റോഡ് വരുന്നതോടെ നാട് വികസിക്കുമെന്നു കരുതി സ്ഥലം വിട്ടുകൊടുത്തവർ ഇപ്പോൾ കടുത്ത പ്രതിഷേധത്തിലാണ്.
സ്ഥലം നഷ്ടപ്പെട്ടതിനു പുറമെ അരിക് ഇടിഞ്ഞുവീഴുന്നതു മൂലം കൃഷികൾ നശിക്കുന്നതും സ്ഥലമുടമകൾക്കു വിനയായി തീർന്നിരിക്കുകയാണ്.റോഡു നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടും ഇതിനെതിരെ പ്രതികരിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒന്നും മുന്നോട്ടുവരാത്തത് മലയോരത്ത് ഏറെ ചർച്ചയ്ക്കു കാരണമായിട്ടുണ്ട്.



No comments