APP DOWNLOAD

TRENDING

പെയ്തിട്ടും തോരാതെ മഴ; ചൊവ്വാഴ്ച മാത്രം നാല് മരണം; വേഗത നിയന്ത്രിച്ച് ട്രെയിന്‍ ഗതാഗതം


കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലേമീറ്ററായി ഉയര്‍ന്നേക്കും. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ മൂന്നര മീറ്റര്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.



ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും വെള്ളം വരവ് നിലച്ചിട്ടില്ല. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ തീരപ്രദേശങ്ങളിലെ വീടുകളും കടകളും വെള്ളത്തിനടിയിലാണ്. സംസ്ഥാന വ്യാപകമായി പതിനാറ് വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ 111 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ക്യാംപുകളില്‍ 22,061 പേരാണ് കഴിയുന്നത്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.

മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ഒരാളും മരിച്ചു. മലപ്പുറത്ത് പൊട്ടിവീണ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മേലാറ്റൂര്‍ എരുത്തൊടി നാരായണന്‍ (68) ആണ് മരിച്ചത്. ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. താറാവ് കര്‍ഷകന്‍ ബാബു(62)വാണ് മരിച്ചത്. മാവേലിക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് രാമകൃഷ്ണന്‍ (62) മരിച്ചു. വെള്ളക്കെട്ടില്‍ വീണാണ് രാമകൃഷ്ണന്‍ മരിച്ചത്. വൈക്കം പെരുവ കാരിക്കോട് വെള്ളത്തില്‍ വീണ് 15 വയസുകാരന്‍ അലന്‍ മരിച്ചു.

കനത്ത മഴ ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു. കോട്ടയം ചിങ്ങവനം ഭാഗത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം മറിഞ്ഞു വീണു. മീനച്ചിലാറ്റില്‍ അപകടകരമായ ലെവലിലേക്ക് വെള്ളം ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പിന്നീട് വേഗത നിയന്ത്രിച്ച് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. ഓരോ ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പും ട്രാക്ക് പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. കേരള, ശബരി, പരശുറാം, ഐലന്‍ഡ് എക്‌സ്പ്രസുകള്‍ വൈകിയാണ് ഓടുന്നത്. കൊല്ലം-കായംകുളം, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നീ ട്രെയിനുകളും വൈകിയോടുന്നു.

No comments