APP DOWNLOAD

TRENDING

യുവമോര്‍ച്ച ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജില്‍ പോലീസ് പ്രവര്‍ത്തകരുടെ ജനനേന്ദ്രിയത്തില്‍ ചവിട്ടിയതായി പരാതി; സ്റ്റേഷനിൽ പോലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി



കണ്ണൂര്: ശ്യാമപ്രസാദ് വധക്കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരിക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകോപിതരായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു.
ഡിവൈഎസ്പി പി.പി. സദാനന്ദന്‍, സി.ഐ. രത്നകുമാര്‍, ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറാതെ പ്രതിരോധിച്ചപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടായി. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിയടിയേറ്റു.

അറസ്റ്റ് ചെയ്ത് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലും സംഘര്‍ഷമുണ്ടായി. അമ്പതോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനനേന്ദ്രിയത്തില്‍ പോലീസ് ചവിട്ടിയതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. അജേഷ് നടുവനാട് അധ്യക്ഷത വഹിച്ചു. അരുണ്‍.കെ.പി, ടി.സി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

No comments