മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി മരണപ്പെട്ടു;കേസ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് പ്രതി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്നത്
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി മരണപ്പെട്ടു. ഇതോടെ ഏറെ വിവാദമായ ഈ കേസ് നടപടികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി അവസാനിപ്പിക്കും. കേസ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് കേസിലെ പ്രതിയായ നാദാപുരം വളയം സ്വദേശി കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(72) മരണപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് കൃഷ്ണന്‍ നമ്പ്യാര്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വളയത്ത് മരണപ്പെട്ടത്. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മരണ സര്‍ട്ടിഫിക്കറ്റ് പ്രൊസിക്യൂഷന്‍ വിചാരണ കോടതി മുമ്പാകെ ഹാജരാക്കുന്നതോടെ കേസ് കോടതി അവസാനിപ്പിക്കുകയും ചെയ്യും.
ഇതോടെ കോളിളക്കം സൃഷ്ടിച്ച ഒരു കേസാണ് കാലയവനികക്കുള്ളിലേക്ക് മറയുന്നത്. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ സമയത്താണ് കേസിനാസ്പദമായ സംഭവം. പിണറായി വിജയന്റെ സ്വന്തം വീടായ പിണറായി പാണ്ഡ്യാലമുക്കിലെ വീടിന് സമീപം പ്രതിയായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തോക്കുമായെത്തുകയായിരുന്നു. ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി പിണറായിയെ വധിക്കാനാണ് താന്‍ എത്തിയതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ കുറ്റസമ്മത മൊഴി നടത്തിയിരുന്നു. 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റീ മീറ്റര്‍ നീളമുള്ള കൊടുവാളുമായാണ് പ്രതിയെ പിടികൂടിയിരുന്നത്. പിണറായിയുടെ പാണ്ഡ്യാലമുക്കിലെ വീട്ടില്‍ നിന്ന് 85 മീറ്റര്‍ മാറി ബസ്റ്റോപ്പിന് സമീപത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിനടിയില്‍ ആയുധങ്ങളും തോക്കും ഒളിപ്പിക്കുകയായിരുന്നു. 2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പ്രതിയെ പിടികൂടിയിത്. ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതിയെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതി പിറ്റന്ന് തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.
2016 മെയ് മാസത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡി.വൈ.എസ്.പി വി.കെ പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിത്. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്ന് പിടികൂടിയ തോക്കില്‍ നിന്ന് വെടിയേറ്റാല്‍ അപകടം സംഭവിക്കുമെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവ ശേഷം പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വെടിമരുന്നും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. ഇവയെല്ലാം വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. എക്സ്പ്ലോസീവ് സബ്സ്റ്റന്റസ് ആക്ട്ും ആംസ് ആക്ടും ഉള്ളതിനാല്‍ ഈ കേസിന്റെ കുറ്റപത്രം സര്‍ക്കാര്‍ അനുമതിയോടെയാണ് സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് തോക്ക് എയര്‍ ഗണ്ണാണെന്ന് സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ആര്‍.എം.പി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണു, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ, രമയുടെ പിതാവ് മാധവന്‍ എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റ ഭാഗമായി നാദാപുരം, ഒഞ്ചിയം, വളയം പ്രദേശങ്ങളില്‍ നടന്ന ആര്‍.എം.പി പൊതുയോഗങ്ങളുടെ വീഡിയോ ക്ലിപ്പിംഗുകളും പോലീസ് ശേഖരിച്ചിരുന്നു. കേസില്‍ പ്രതിയായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്ക് സംഭവത്തിന് ശേഷം മാസങ്ങള്‍ റ്മാന്‍ഡില്‍ കഴിയേണ്ടി വന്നിരുന്നു. പ്രതി മരണപ്പെട്ടതോടെ കേസ് നടപടികളും ഇതോടെ ഇല്ലാതായി.



No comments