APP DOWNLOAD

TRENDING

മണ്‍മറഞ്ഞത് മുസ്ലീംലീഗിന്റെ നെടുംതൂണായ നേതാവ് ; ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടപറച്ചില്‍


കാസര്കോട്: ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തിലൂടെ മുസ്ലിം ലീഗിന് നഷ്ടമായത് മലബാറിലെ ജനസ്വാധീനമുള്ള നേതാവിനെയാണ്. മുന്നണിയുടെ നെടുംതൂണായ നേതാവിന്റ അഭാവം കാസര്‍ക്കോട്ടെ യുഡിഎഫിനും തീരാനഷ്ടമായിരിക്കുകയാണ്.
       ഇന്റിപെന്റഡന്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ചെര്‍ക്കളം അബ്ദുള്ള കാസര്‍ക്കോട്ടെ മുസ്ലിം ലീഗിന്റ അവസാനവാക്കായി മാറിയ നേതാവാണ്. 1959ല്‍ യൂത്ത് ലീഗ് കണ്ണൂര്‍ ജില്ല പ്രസിഡന്റായതോടെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി. ഉത്തര മലബാറിലെ യുഡിഎഫിന്റ പ്രധാന നേതാക്കളിലൊരാളായിരുന്നു ചെര്‍ക്കളം. കാസര്‍ക്കോട്ടെ യുഡിഎഫിന്റ അമരക്കാരനില്‍ നിന്നും സംസ്ഥാന മന്ത്രി പദം വരെ ചെര്‍ക്കളത്തിന്റ രാഷ്ട്രീയ ജീവിതം ഉയര്‍ന്നു.
    1987 മുതല്‍ തുടര്‍ച്ചയായി 19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ചെര്‍ക്കളം അബ്ദുള്ള 2001ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായിരുന്നു. 2010ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റ കാലത്ത് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളുകളായി പൊതുപ്രവര്‍ത്തനരംഗത്തു നിന്നും വിട്ടുനിന്നിരുന്നെങ്കിലും ജില്ലയിലെ മുസ്ലിം ലീഗീന്റയും യുഡിഎഫിന്റെയും പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു ചെര്‍ക്കളം അബ്ദുള്ള.
      എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ചെര്‍ക്കളം  മരിക്കും വരെയും  മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനം  തുടര്‍ന്നു. 1972 മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988 മുതല്‍ ആറുവര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, 2002 മുതല്‍  ജില്ലാപ്രസിഡന്റ്,  എസ്ടിയു സംസ്ഥാന പ്രസിഡന്റ്, ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്  തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.  പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.
     ചെര്‍ക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ). മക്കള്‍: മെഹ്‌റുന്നീസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാപഞ്ചായത്ത് അംഗം), സി എ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി എ അഹമ്മദ് കബീര്‍ (എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ പി അബ്ദുല്‍ഖാദര്‍ (പൊമോന എക്‌സ്‌പോര്‍ട്ടേഴ്‌സ്, മുംബൈ), അഡ്വ. അബ്ദുല്‍മജീദ് (ദുബായ്), നുസ്വത്ത് നിഷ (ചാവക്കാട്), ജസീമ ജാസ്മിന്‍ (ബേവിഞ്ച). സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുള്‍ഖാദര്‍, നഫീസ കാപ്പില്‍.

No comments