വൃക്ക മാറ്റിവച്ചവർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്; വൃക്കരോഗികൾക്കായി പ്രത്യേക ഫാർമസി തുടങ്ങും
കണ്ണൂർ: ജില്ലയിലെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. വൃക്കരോഗവുമായി ബന്ധപ്പെട്ട മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രത്യേക ഫാർമസി തുടങ്ങാനും ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്നേഹജ്യോതി കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലേക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു. വൃക്കമാറ്റിവച്ചവരിൽ ചിലർ അവരുടെ പ്രയാസങ്ങൾ പങ്കുവച്ചപ്പോൾ കേട്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. മാസത്തിൽ കഴിക്കുന്ന ശരാശരി 20,000 രൂപയുടെ മരുന്നുകളുടെ ബലത്തിലാണ് ശിഷ്ടജീവിതം മുന്നോട്ടുനീക്കുന്നത്. ശരീരം തളരുന്നതോടെ കാര്യമായ ജോലിയൊന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. ചെറിയ മറ്റ് അസുഖങ്ങൾ പോലും വലിയ പ്രതിസന്ധികളായി മാറുന്നു. ചികിൽസാ ചെലവിനൊപ്പം വീട്ടുകാര്യങ്ങളും മക്കളുടെ പഠനമുൾപ്പെടെയുള്ള വയും വരുമ്പോൾ ഏതെങ്കിലും ഒന്ന് മാറ്റിവയ്ക്കേണ്ടിവരുന്ന സ്ഥിതിയാണെന്ന് സംസാരിച്ചവർ പറഞ്ഞു.
സമൂഹത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ കൈത്താങ്ങ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകമാവുമെന്ന് പി.പി കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ചെറിയ അസുഖങ്ങൾക്കു പോലും ഡോക്ടറെ കാണാൻ കോഴിക്കോട്ടോ മംഗലാപുരത്തോ പോവേണ്ട സ്ഥിതിയാണെന്നും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാരീരികാസ്വസ്ഥതകൾ പരിഗണിച്ചുകൊണ്ട് ചെയ്യാവുന്ന തൊഴിലുകൾ ഇവർക്ക് കണ്ടെത്തി നൽകാൻ കഴിയണം. സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ മുൻഗണനാവിഭാഗം എന്ന മാനദണ്ഡം വലിയ തടസ്സമാണ്. വൃക്കരോഗികളോട് ചില ആശുപത്രികളും ഫാർമസികളും കാണിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. പ്രേമരാജൻ പുന്നാട്, സഹദേവൻ കെ.പി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു.
ജില്ലയിൽ 2500ലേറെ പേർ വൃക്ക മാറ്റിവച്ചവരായി ഉണ്ടെന്നാണ് ലഭ്യമായ കണക്ക്. എന്നാൽ യഥാർഥ എണ്ണം ഇതിലേറെ വരും. ഇവരുടെ കൃത്യമായ കണക്കെടുക്കാൻ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുടെ ഗുണഫലം അർഹരായവർക്ക് തന്നെ ലഭിക്കണമെന്ന നിർബന്ധമുള്ളതിനാലാണ് ഗുണഭോക്താക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്ത്. സൗജന്യമായി മരുന്ന് നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് മുൻണനേതര കാർഡ് തടസ്സമാകില്ല. വൃക്കരോഗം മൂലം ജീവിതം വഴിമുട്ടിപ്പോവുന്നവരുടെ പുനരധിവാസത്തിന് സാധ്യമായ വഴികൾ ആലോചിക്കും. ആഴ്ചയിൽ ആറ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ വഴി ഇതിനകം 60,000 തവണ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായും കെ.വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ജയബാലൻ മാസ്റ്റർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് എ.ടി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഒാഫീസർ ഡോ. സന്തോഷ് കെ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ് വി.പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



No comments