APP DOWNLOAD

TRENDING

വാട്സ്ആപ് ഹർത്താൽ : സിപിഎം നേതാക്കളുടെ വിലക്ക് ലംഘിച്ചു പ്രതികളെ അറസ്റ്റ് ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ എസ് ഐക്ക് സ്ഥലം മാറ്റം


പാലക്കാട്: എട്ടുജില്ലകളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഏപ്രിലില്‍ നടന്ന വാട്‌സാപ്പ് ഹര്‍ത്താല്‍. സംഘട്ടനങ്ങളുണ്ടാക്കുകയും ചില വിഭാഗക്കാരുടെ വാഹനങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനെന്ന പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഏതായാലും, വാട്‌സാപ്പ് ഹര്‍ത്താല്‍ പാലക്കാട്ടെ പൊലീസില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വാട്‌സാപ്പ് ഹര്‍ത്താലില്‍ ഉള്‍പ്പെട്ട പ്രതിയെ 'സിപിഎമ്മിന്റെ അഭ്യര്‍ത്ഥന' മാനിക്കാതെ അറസ്റ്റുചെയ്ത എസ്‌ഐ.യെ രണ്ടരമണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റിയാണ് പുതിയ 'മാതൃക' സൃഷ്ടിച്ചത്. പുതുനഗരം എസ്‌ഐ. എ. പ്രതാപനെയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്.

ജനപ്രതിനിധിയുടെയും സിപിഎം. പ്രാദേശിക നേതാക്കളുടെയും വിലക്ക് അവഗണിച്ച്‌ പ്രതിയെ അറസ്റ്റുചെയ്തതിനാണ് സ്ഥലംമാറ്റമെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്ഥലംമാറ്റം സാധാരണ നടപടിയാണെന്നാണ് ജില്ലാ പൊലീസ് നേതൃത്വത്തിന്റെ നിലപാട്.

വാട്‌സാപ്പ് ഹര്‍ത്താല്‍ കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പുതുനഗരം സ്വദേശി സലീമിനെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്തഫയെയും ഏതാനുംദിവസംമുമ്ബ് അറസ്റ്റുചെയ്തിരുന്നു. മുസ്തഫ ജാമ്യത്തിലിറങ്ങിയെങ്കിലും പൊലീസ് നടപടി പാര്‍ട്ടി പ്രാദേശികനേതൃത്വത്തില്‍ അമര്‍ഷമുണ്ടാക്കി.
ഇതിനുപിന്നാലെയാണ് ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനും കേസില്‍ അറസ്റ്റിലായത്.

വാട്‌സാപ്പ് ഹര്‍ത്താലിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനെ അറസ്റ്റുചെയ്താല്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരുമെന്ന നിലപാടാണ് പൊലീസ് ഉന്നതതലത്തിലും സ്വീകരിച്ചതെങ്കിലും ഇത് വകവയ്ക്കാതെയായിരുന്നു പുതുനഗരം പൊലീസിന്റെ നടപടി.

No comments