APP DOWNLOAD

TRENDING

ബൈക്കുകളുടെ മത്സരയോട്ടം; മൂന്ന് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു രണ്ട് പേരുടെ നില ഗുരുതരം


തിരുവനന്തപുരം: നഗരത്തിൽ വീണ്ടും മത്സരയോട്ടം. കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകൾ മൂന്ന് സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി അനന്ദുവിനെതിരെ പോലീസ് കേസെടുത്തു.

കവടിയാറിന് സമീപം നർമ്മദാ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടം ഉണ്ടായത്. പേരൂർക്കടയിൽ നിന്നും കാവടിയാറിലേക്ക് മത്സരയോട്ടം നടത്തിയ ബൈക്ക് ആണ് അപകടം വരുത്തി വെച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന മൂന്ന് സ്ത്രീകളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ജ്യോതിലക്ഷ്മി, തുളസി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്കുകൾ അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അപകടം വരുത്തി വെച്ച ബൈക്ക് ഓടിച്ചിരുന്ന അനന്ദുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അനന്ദുവിനും ഒപ്പമുണ്ടായിരുന്ന ആളിനും നിസാര പരിക്കുകൾ ആണെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം നഗരത്തിൽ മത്സരയോട്ടം പതിവായതോടെ പൊലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പേരൂർക്കട മുതൽ നർമ്മദാ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറ ഇല്ലാത്തതാണ് മത്സരയോട്ടം വർധിക്കാൻ കാരണം.

No comments