നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ട, മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും’; ‘ഹിന്ദു’വിന് സഹായ അഭ്യര്‍ത്ഥനയുമായി ചെന്ന സംഘപരിവാറിന് അഭിമന്യുവിന്റെ അച്ഛന്റെ മറുപടി
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍. ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവവര്‍ത്തകരാണ് മുതലെടുപ്പ് ഉദ്ദേശം വെച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെ സമീപിച്ചത്. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ടാണ് തന്റെ മകന്‍ മരിച്ചതെന്നും നിങ്ങളുടെ സഹായം ആവശ്യമില്ലെന്നും അഭിമന്യുവിന്റെ അച്ഛന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.
അഭിമന്യുവിന്റെ മരണത്തില്‍ നീറുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ആളുകള്‍ വട്ടവടയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വീട്ടിലെത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായ വാഗ്ദാനം.
അഭിമന്യുവിനെ കൊന്നയാള്‍ മുസ്ലീമാണെന്നും, കൊല്ലപ്പെട്ടത് ഹിന്ദുവായത് കൊണ്ടാണെന്നും പറഞ്ഞ് ‘ഹിന്ദുക്കളെ ആപത്തില്‍ സഹായിക്കാനെന്ന’ വ്യാജേനയായിരുന്നു ഹിന്ദു ഹെല്‍പ്പ് ലൈന്റെ രംഗപ്രവേശം. ‘സേവാ വാഹിനി’ എന്നെഴുതിയ വാഹനത്തിലാണ് പ്രവര്‍ത്തകരെത്തിയത്. ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ സഹായത്തിനായി ബന്ധപ്പെടാന്‍ ഫോണ്‍നമ്പര്‍ അടങ്ങുന്ന ഒരു നോട്ടീസും ആ അച്ഛനു നേര്‍ക്ക് അവര്‍ നീട്ടി.
എന്നാല്‍ അഭിമന്യുവിന്റെ കര്‍ഷകത്തൊഴിലാളിയായ അച്ഛന്‍ അവര്‍ക്ക് നല്‍കിയ മറുപടി ദൃഢവും സുവ്യക്തവുമായിരുന്നു. ‘എന്റെ മകന്‍ കൊല്ലപ്പെട്ടു. സംഭവിക്കാനുള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സിപിഎം ആയിട്ടാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്റെ പാര്‍ട്ടിയാണ് എനിക്കെല്ലാം. മകന്‍ പോയതുകൊണ്ട് ഈ പാര്‍ട്ടിയെ എനിക്ക് വേണ്ടാ എന്ന് പറയാന്‍ പറ്റില്ല. ഇപ്പൊ ഒരു സഹായവും വേണ്ട.. നന്ദി..’ മനോഹരന്‍ വ്യക്തമാക്കി.
അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗം പി രാജീവ് അഭിമന്യുവിന്റെ പിതാവിന്റെ നിലപാടിന് പിന്തുണയുമായെത്തി. പി രാജീവ് വട്ടവടയിലെത്തിയ ദിവസമാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരെത്തിയത്. സേവാ വാഹിനി എന്ന ബോര്‍ഡെഴുതിയ രണ്ടു വാഹനം കണ്ടിരുന്നതായി പി രാജീവ് വ്യക്തമാക്കി.
‘ എന്റെ അച്ഛന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാനും എന്റെ മകനും ഈ പാര്‍ടിയില്‍ തന്നെ. എന്റെ മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും ‘ തന്റെ മകന്‍ ഇത്രയുമധികം ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയല്ലോ എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്ന് അഭിമന്യുവിന്റെ അച്ഛന്‍ തന്റെ കൈകള്‍ കുട്ടിപ്പിടിച്ച് ഉറച്ച ശബ്ദത്തില്‍ പറഞ്ഞതായി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
പി.രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ,
‘വര്‍ഗ്ഗീയത തുലയട്ടെ’ അഭിമന്യു അവസാനമായി എഴുതിയ വാചകങ്ങള്‍ എസ്ഡിപിഐക്ക് മാത്രമല്ല സംഘപരിവാരത്തിനും മുഴുവന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കും എതിരാണെന്ന് അറിയാത്ത മട്ടില്‍ വീട്ടില്‍ ചെന്നവര്‍ക്കാണ് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ഇന്നലെ മറുപടി നല്‍കിയത്. ”എന്റെ മകന്‍ കൊല്ലപ്പെട്ടു …
സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു …
ഞാന്‍ ജനിച്ചത് സി പി ഐ .എം കാരനായിട്ടാണ് .
എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ടിക്ക് വേണ്ടിയാണ് .
അവന്‍ പോയത് കൊണ്ട് ഈ പാര്‍ടിയെ വേണ്ടാ എന്ന് ഞാന്‍ പറയില്ല …
നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് വേണ്ടാ” … സേവാ വാഹിനിയുടെ പേരില്‍ ‘ ഹിന്ദു’ വിനുള്ള സഹായ അഭ്യര്‍ത്ഥനയുമായി ചെന്ന സംഘപരിവാരത്തിന്റെ മുഖത്തു നോക്കിയാണ് അഭിമന്യുവിന്റെ അച്ഛന്‍ ധീരമായി ഇതു പറഞ്ഞത്. അതെ, ധീരനായ രക്തസാക്ഷിയുടെ അച്ഛന്‍. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന അച്ഛന്റെ അടുത്ത് വര്‍ഗ്ഗീയ വിഷവുമായി ചെന്നവരെ തിരിച്ചറിയണം.
ഞാന്‍ വട്ടവടയില്‍ നിന്നും മടങ്ങുമ്പോള്‍ സേവാ വാഹിനി എന്ന ബോര്‍ഡെഴുതിയ രണ്ടു വാഹനം കണ്ടിരുന്നു. അവര്‍ ഹിന്ദുക്കളെ സഹായിക്കാനെന്ന മട്ടില്‍ വിഷം തുപ്പാനെത്തിയവരാണ്. ന്യൂനപക്ഷം വര്‍ഗ്ഗീയമായി സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയത തങ്ങളുടെ വര്‍ഗീയ ചിന്ത ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന പാഠം ഓര്‍ക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരായ അതിവിശാല മുന്നണിക്കാര്‍ക്കുള്ള പാഠം കൂടിയാണിത്.
എന്റെ കൈകളില്‍ കുട്ടിപ്പിടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ‘ എന്റെ അച്ഛന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാനും എന്റെ മകനും ഈ പാര്‍ടിയില്‍ തന്നെ. എന്റെ മകന്‍ തെളിച്ച വഴിയില്‍ തന്നെയായിരിക്കും മരണം വരെ ഞങ്ങളും ‘ തന്റെ മകന്‍ ഇത്രയുമധികം ആളുകളുടെ മനസ്സില്‍ ഇടം കിട്ടിയല്ലാ എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം നാടിന് ഏറ്റെടുക്കാം .



No comments