APP DOWNLOAD

TRENDING

വിവാഹശേഷം പത്തുനാള്‍ കഴിയും മുമ്പേ പ്രിയതമന്‍ വിടവാങ്ങിയ ദുഃഖം താങ്ങാനാവാതെ ജാസിന; മരണ വിവരമറിഞ്ഞ് കാവുംപടിയിലെ വീട്ടിലെത്തിയത് ആയിരങ്ങള്‍



തലശ്ശേരി: കാര്‍ യാത്രക്കിടെ ഇന്നലെ ഉച്ച തിരിഞ്ഞ് സ്വകാര്യ ബസ്സിടിച്ച് മരിച്ച തില്ലങ്കേരി കാവുംപടിയിലെ മുംതാസ് മന്‍സിലില്‍ എന്‍.എന്‍ മുനീറി(27)ന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് സംസ്‌ക്കരിക്കും. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് കാവുമ്പടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കും.
കാവുംമ്പടിയിലെ കെ.അബ്ദുള്ളയുടെയും എന്‍.എന്‍ പാത്തുമ്മയും മകനായ മുനീറിന്റെ വിവാഹം 10 ദിവസം മുമ്പാണ് നടന്നത്. അബുദാബിയില്‍ ജോലി നോക്കിയിരുന്ന മുനീര്‍ 20 ദിവസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കീഴൂര്‍ സ.ആര്‍ പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു അപകടം. കാവുമ്പടിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള ശ്രമത്തിനിടെ ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കണ്ണൂര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മുനീര്‍ മരണപ്പെട്ടിരുന്നത്. മുനീര്‍ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ കാവുമ്പടിയിലെ മുഹ്സിന്‍(29), ഫായിസ്(28) ബസ് യാത്രക്കാരന്‍ കോഴിക്കോട് സ്വദേശി സുധീഷ്(35) എന്നിവര്‍ക്ക് സംഭവത്തില്‍ സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ മുഹ്സിനെയും ഫായിസിനെയും കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലും സുധീഷിനെ ഇരിട്ടി അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉളിക്കല്‍ സ്വദേശിനി ജാസിനയാണ് മരിച്ച മുനീറിന്റെ ഭാര്യ. ഷഫീഖ്(ദുബായ്), ശിഹാബ്, ഹാജറ, സമീറ, സഫീറ എന്നിവര്‍ സഹോദരങ്ങളാണ്.

No comments