APP DOWNLOAD

TRENDING

ഫ്ലക്സ് രഹിത ജില്ല; പ്രകൃതി സൗഹൃദ ജില്ല


മണ്ണിനും പ്രകൃതിക്കും ദോഷം ചെയ്യുന്ന പി.വി.സി ഫ്‌ളക്‌സുകള്‍ നിരോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. യാതൊരു പുനചക്രമണത്തിനും വേധേയമല്ലാതെ വര്‍ഷങ്ങളോളം മണ്ണില്‍ അലിയാതെ കിടക്കുന്ന ഇത്തരം ഫ്‌ളക്‌സുകള്‍ കേവല പരസ്യത്തിനു മാത്രമാണ് നാളിതുവരെയായി ഉപയോഗിച്ചു വരുന്നത്. ഉപേക്ഷിച്ചാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാമെന്നിരിക്കെ ഇനിയും ഇത് ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരും ഇവിടെയുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഇനിയുള്ള പ്രവര്‍ത്തനം വേണ്ടത്. തൊട്ടതിനും പിടിച്ചതിനും എന്നുവേണ്ട എല്ലാറ്റിനും പി.വി.സി ഫ്‌ളക്‌സ് വേണമെന്ന് വാശിപിടിക്കുന്നതിന് ഇപ്പോള്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്......  

ലക്ഷ്യം ഫ്‌ളക്‌സ് രഹിത ജില്ല

2016 മാര്‍ച്ച് 14 മുതല്‍ പി.വി.സി ഫ്‌ളക്‌സുകള്‍ അച്ചടിക്കുന്നത് കേരളത്തില്‍ നിരോധനമുണ്ട്. അതുകൊണ്ടുതന്നെ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ റെയ്ഡ് ഉള്‍പ്പെടെ നടത്താന്‍ കഴിയും. കണ്ണൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള പ്രിന്റിങ് യൂനിറ്റില്‍ റെയ്ഡ് നടന്നിരുന്നു. ജില്ലയില്‍ 74 യൂണിറ്റുകളില്‍ നിന്നാണ് ഇപ്പോള്‍ ഫ്‌ളക്‌സ് പ്രിന്റിങ് നടക്കുന്നത്. മാലിന്യമില്ലാത്ത കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളക്‌സ് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടി ശക്തമാക്കാന്‍ നേരത്തെ ഫ്‌ളക്‌സ് ഉടമകളുടെ സംഘടനയോട് ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ പരമാവധി സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഒരു ദിവസത്തെ ആവശ്യത്തിനാണ് പരിസ്ഥിതി മലിനീകരണം ഏറെയുണ്ടാക്കുന്ന പി.വി.സി ഫ്‌ളക്‌സുകള്‍ വ്യാപകമായി ഉപയോഗിക്കുക. ഇതുതടഞ്ഞില്ലെങ്കില്‍ കണ്ണൂര്‍ വലിയ മാലിന്യ ദുരന്തം അനുഭവിക്കേണ്ടിവരുമെന്ന് ഇവര്‍ക്കു മുന്നറിയിപ്പു നല്‍കി. ജില്ലയില്‍ വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നത് വലിയ ആരോഗ്യപ്രശ്‌നത്തിനു പുറമേ സഞ്ചാര സ്വാതന്ത്ര്യത്തിനും പ്രശ്‌നമായിരുന്നു. ഇത്തരത്തില്‍ അശാസ്ത്രീയമായി ഫ്‌ളക്‌സ് ഉപയോഗിക്കുന്നതിനെതിരേ രാഷ്ട്രീയ-സാംസ്‌കാരി രംഗത്തെ നേതാക്കളെയും വിളിച്ചു ചേര്‍ത്ത് യോഗം ചേര്‍ന്നിരുന്നു.

മാര്‍ച്ചിലും ധര്‍ണയിലും വന്ന മാറ്റം

രാഷ്ട്രീയ സംഘടനകളും അവരുടെ തൊഴില്‍ സംഘടനകളും തുടങ്ങി ഒരു ദിവസം നാലും അഞ്ചും തവണ മാര്‍ച്ചും ധര്‍ണയും നടക്കുന്ന കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് പി.വി.സി ഫ്‌ളക്‌സുകള്‍ കുമിഞ്ഞു കൂടിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നതിന് വലിയ മാറ്റമുണ്ടായി. ഇത്തരം സംഘടനകളെല്ലാം തുണി കൊണ്ടുള്ള ബാനറുകളും ഫ്‌ളക്‌സുകളും ഉപയോഗിച്ചു തുടങ്ങി. അവരവര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അവര്‍ തന്നെ കലക്ടറേറ്റിനു മുന്നില്‍ നിന്നും നീക്കം ചെയ്യുന്ന രീതിയും ഉണ്ടായി. ഇപ്പോള്‍ വെക്കുന്നതാവട്ടെ തുണിയില്‍ പ്രിന്റു ചെയ്ത ഫ്‌ളസുകളും ബാനറുകളും മാത്രം. കഴിഞ്ഞ നിരവധി മാസങ്ങളായി ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന ഹരിത കണ്ണൂരിന് ഇവരുടെ പിന്തുണ നേടാന്‍ കഴിഞ്ഞതാണ് മറ്റൊരു വിജയം. ഏറ്റവും കൂടുതല്‍ ഇത്തരം ബാനറുകളും മറ്റും ഉപയോഗിക്കുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. ഇവര്‍ തീരുമാനിച്ചാലേ ഈ ആശയം പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആരെക്കാളും ഇതിനു പിന്നിലുള്ളവര്‍ക്കും ജില്ലാ ഭരണകൂടത്തിനും നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും നേരിട്ടു വിളിപ്പിച്ച് കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് ഒപ്പുവെപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ഇപ്പോള്‍ തുണി കൊണ്ടുള്ള ഫ്‌ളക്‌സിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

ഫ്‌ളക്‌സിനെതിരേ കലക്ടറുടെ ട്രോള്‍

ലോകകപ്പ് ഫുട്‌ബോളില്‍ നിന്നു പുറത്തായ ടീമുകളുടെ ആരാധകര്‍ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ വ്യത്യസ്തമായ ഫെയ്‌സ്ബുക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഹരിത കണ്ണൂര്‍ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇത്തവണ ലോകകപ്പിലെ പ്രമുഖ ടീമുകളുടെ പരാജയം കലക്ടറുടെ ട്രോള്‍ കൊണ്ട് എതിരാളികളും ആഘോഷിച്ചു. എന്നാല്‍ അതിനൊക്കെ അപ്പുറം മികച്ച സന്ദേശമായിരുന്നു ജനങ്ങളിലെത്തിയത്. തമാശയുടെ രൂപത്തിലാണെങ്കിലും ഫുട്‌ബോള്‍ ആവേശത്തിനിടയില്‍ ട്രോള്‍ കണ്ണൂരിനപ്പുറത്തേക്ക് വൈറലായി. കലക്ടര്‍ മീര്‍ മുഹമ്മദലി ജര്‍മ്മനിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാതായിരുന്നു ആദ്യത്തെ വാര്‍ത്ത. ഇതിനു മുമ്പേ ഹരിത കണ്ണൂര്‍ യൂണിയന്‍ ജില്ലാ സമ്മേളനം എന്ന പേരില്‍ തുടക്കത്തിലേ പോസ്റ്റ് ക്രീയേറ്റ് ചെയ്തിരുന്നു. സ്വാഗതം ജര്‍മനി, അധ്യക്ഷന്‍  അര്‍ജന്റീന, ഉദ്ഘാടനം  പോര്‍ച്ചുഗല്‍, മുഖ്യാതിഥി  സ്‌പെയിന്‍, നന്ദി  ബ്രസീല്‍ എന്നിങ്ങനെ പോകുന്നു ട്രോള്‍. ഹരിത കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലേക്ക്, പുറത്തായ ടീമുകളുടെ മുഴുവന്‍ ആരാധകരെയും സ്വാഗതം ചെയ്യുകയും ചെയ്തു. ബ്രസീലിന്റെ കടുത്ത ആരാധകന്‍ കൂടിയായ കലക്ടര്‍ എന്നാല്‍ ആരെയും വിടാതെ ട്രോളില്‍ ഉള്‍പ്പെടുത്തി. ഫ്‌ളക്‌സ് മാറ്റാനുള്ളതായിരുന്നു എല്ലാറ്റിന്‍രെയും ഉള്ളടക്കം. കലക്ടറുടെ ട്രോളും സോഷ്യല്‍ മീഡിയയിലെ പങ്കാളിത്തവും കാരണം ഫ്‌ളെക്‌സിനെതിരേയുള്ള ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ജനങ്ങള്‍ക്കിടയില്‍ വ്യക്തമാക്കാന്‍ എളുപ്പത്തില്‍ സാധിച്ചു.



ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന ഫ്‌ളക്‌സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൊതുനിരത്തുകളില്‍ ആപകടമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിലയിരുത്തല്‍ വന്നത്. പള്ളിക്കും സ്‌കൂളിനും മുന്നിലുള്ള റോഡരികിലും നടപ്പാതയിലും രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ അനധികൃതമായി സ്താപിച്ച  ബോര്‍ഡുകളും ബാനറുകളും നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. പരസ്യം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടം വ്യക്തമാക്കണമെന്നും അനധികൃതമായി ഇത്തരം ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനെതിരേ എന്ത് പരിഹാരമാര്‍ഗമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ആഗസ്റ്റ് 16ന് വീണ്ടും കേസ് പരിഗണിക്കുമ്പോഴേക്കും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

No comments