APP DOWNLOAD

TRENDING

കീഴാറ്റൂര്‍ ലോങ് മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറി

തളിപ്പറമ്പ്
: കീഴാറ്റൂര്‍ ലോങ് മാര്‍ച്ച്‌ പ്രഖ്യാപനം വയല്‍ക്കിളികള്‍ ഓഗസ്റ്റിലേക്ക് മാറ്റി. ഓഗസ്റ്റ് 11ന് തൃശൂരില്‍ സമരസംഗമത്തിലാകും ലോങ് മാര്‍ച്ചിന്റെ തിയതി പ്രഖ്യാപിക്കുകയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരം ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനിലായിരുന്നു വെളിപ്പെടുത്തല്‍.

കീഴാറ്റൂര്‍ ബൈപ്പാസ് സമരവുയി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. മാത്രമല്ല സി.പി.എം നേതൃത്വം വയല്‍കിളി പ്രവര്‍ത്തകരുടെ വീട്ടില്‍ പ്രത്യേകമായെത്തി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പിന്മാറ്റമെന്നാണ് കരുതുന്നത്. അതേസമയം, ലോങ് മാര്‍ച്ച്‌ സംഘടിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറരുതെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരമാണ് കീഴാറ്റൂരിലേതെന്നും കേരളത്തിലെ വരുംതലമുറയ്ക്കായാണ് സമരരംഗത്തുള്ളതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയമല്ല തങ്ങളുടെ ലക്ഷ്യമെന്നും കേരളത്തിന്റെ നല്ല ഭാവിയ്ക്കുള്ള സമരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട കേരളം കീഴാറ്റൂരിലേക്ക് എന്ന സമരപാടിക്ക് ശേഷമാണ് വയല്‍കിളികള്‍ തുടര്‍ സമരങ്ങളില്‍ നിന്നും പുറകോട്ട് പോയത്. സമരം ബി.ജെ.പി അടക്കമുള്ളവര്‍ ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം. ഏതായാലും സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു തന്നെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്ന വലിയ പ്രതിസന്ധിക്ക് താത്കാലിക ശമനമായത് സി.പി.എമ്മിന് അല്‍പ്പം ആശ്വാസമായിട്ടുണ്ട്.

No comments