APP DOWNLOAD

TRENDING

കെ സുധാകരന്റെ നിരാഹാര സമരം തുടരും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരാനുമാണ് തീരുമാനമായത്.

ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള തുടര്‍ നടപടികളേ മറ്റോ ഇതുവരെ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല സിബിഐ അന്വേഷണം കൊണ്ടുമാത്രമേ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകൂയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി എകെ ബാലന്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ അക്കാര്യത്തില്‍ വൈമനസ്യം കാണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തിന്റെ അന്വേഷണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ കുടുബത്തിന്റെ നിവേദനം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സിപിഐഎമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.  കെ സുധാകരന്റെ നിരാഹാര സമരപ്പന്തലിലാണ് യുഡിഎഫിന്റെ നേതൃയോഗം ചേര്‍ന്നത്.  രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി‍, എംഎം ഹസ്സന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. .

No comments