APP DOWNLOAD

TRENDING

ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് പോലീസില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു:മുഖ്യമന്ത്രി


തളിപ്പറമ്പ്: ജാതിയുടേയും മതത്തിന്റേയും പേരില്‍ പൊലീസിനെ വേര്‍തിരിക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പൊലീസിനെ ചേരിതിരിക്കാനും നിര്‍വീര്യമാക്കാനുമുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പൊലീസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നത്. പൊലീസിന്റെ മതവും ജാതിയും പൊലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണം. മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേത്. ഇതുകൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Image result for pinarayi vijayan kannur passing out

നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ആപത്താണെന്നും ഇതിനു ശക്തമായ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം പൊലിസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ പൊലീസ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കിക്കളയാം എന്ന് ചിലര്‍ കരുതുകയാണ്.

അത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഐക്യവും അച്ചടക്കവുമാണ് പൊലീസ് സേനയുടെ കരുത്ത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുന്നില്‍ പതറേണ്ട കാര്യമില്ലെന്നും ഇതേപോലെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ പൊലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments